അത് പ്രേതമോ? എഐ ക്യാമറ പകര്‍ത്തിയ ചിത്രത്തില്‍ കാറില്‍ ഇല്ലാത്ത സ്ത്രീയുടെ രൂപം; വൈറലായ ചിത്രത്തിന്റെ വ്യക്തത തേടി ഗതാഗത വകുപ്പ്

കാസര്‍കോട്: കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡയയില്‍ ഒരു ചിത്രം വൈറലാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം കയറിക്കൂടിയതാണ് ആളുകളെ ആശങ്കയിലാക്കിയത്. പോരാത്തതിന് അത് പ്രേതമാണെന്ന തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ശബ്ദസന്ദേശവും പ്രചരിച്ചതോടെ ആളുകള്‍ ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാര്‍ മേല്‍പാലം വഴി പയ്യന്നൂരിലേക്കു പോകുമ്പോള്‍ കഴിഞ്ഞ മാസം 3 ന് രാത്രി 8.27 നാണ് ക്യാമറയില്‍ പതിഞ്ഞത്. എ.ഐ ക്യാമറിയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവര്‍ക്ക് പിന്‍സീറ്റിലായി മറ്റൊരു സ്ത്രീയുടെ രൂപംകൂടി തെളിഞ്ഞു. ഇതെങ്ങനെ സംഭവിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ചലാന്‍ ലഭിച്ച ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യന്റെ കുടുംബവും മോട്ടോര്‍വാഹന വകുപ്പും. ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള വഴിമധ്യേ കേളോത്തുവെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടിവീഴുന്നത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ അനിയത്തിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ മൂന്നു കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ.ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ.ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് ചോദ്യം. അതേസമയം പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. ചിത്രത്തില്‍ എങ്ങനെ സ്ത്രീരൂപം കയറിക്കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ ക്യാമറ പകര്‍ത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ എം.വി.ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച് കെകെല്‍ട്രോണിനോട് കാര്യങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അതേസമയം, എഐ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയില്‍ വ്യാജ ഓഡിയോയും പ്രചരിക്കുന്നുത്. ആദിത്യന്‍ ഒരുസുഹൃത്തിന് മാത്രമാണ് ചിത്രം കൈമാറിയിട്ടുള്ളത്. ചിത്രം പ്രേതമെന്ന രീതിയിലുള്ള പ്രചരണം അവസാനിപ്പിക്കണമെന്ന് ആദിത്യന്റെ ബന്ധു രവീന്ദ്രന്‍ അഭ്യര്‍ഥിച്ചു. ശബ്ദം പ്രചരിപ്പിച്ച പെണ്‍കുട്ടിയെ കുറിച്ച് അറിയാന്‍ പൊലിസിന്റെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page