30 ദിവസം കൊണ്ട് കുറ്റപത്രം; 26 ദിവസം കൊണ്ട് വിചാരണ; അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച വിധി
ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയായ കേസില്‍ എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബീഹാര്‍ സ്വദേശി അസഫാക് ആലം ആണ് പ്രതി. കേസില്‍ ഒക്ടോബര്‍ 4 നാണ് വിചാരണ ആരംഭിച്ചത്. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. 30 ദിവസം കൊണ്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 26 ദിവസം നീണ്ടുനിന്ന ഏകദേശം 44 സാക്ഷികളെ പ്രോസിക്യുഷനും പ്രതിഭാഗവും വിസ്തരിച്ചു.
ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതി വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തനിരയാക്കിയാണ് കൊലപ്പെടുത്തിയത്.
ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.