പയ്യന്നൂർ: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ .പാപ്പിനിശേരി വെസ്റ്റ് ചാലില്‍ മഠത്തില്‍ ഹൗസില്‍ സി.എം.തബ്‌സീര്‍ (33), ചിറക്കല്‍ കീരിയാട് മരമില്ലിന് സമീപം സി.പി.ഹൗസില്‍ സി.പി.മുഹമ്മദ് മുഹ്‌സിന്‍ (26) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ ശുഹൈബുo സംഘവും പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം 6.15ന് പഴയങ്ങാടി ബസ്സ്റ്റാന്റ്-മാട്ടൂല്‍ റോഡ് ജംഗ്ഷനില്‍ വച്ചാണ് ഇവരെ പിടികൂടിയത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതില്‍ ആഹ്ലാദംപ്രകടിപ്പിച്ച് ഈ സമയം ഇവിടെ യു.ഡി.എഫ് പ്രകടനം നടക്കുകയായിരുന്നു. അതിനിടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു സ്‌കൂട്ടറിലിടിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന രണ്ടുപേരും പരുങ്ങുന്നതായി കണ്ടു. തുടര്‍ന്ന് ഒരാളെ പരിശോധിച്ചപ്പോള്‍ അയാളുടെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് എം.ഡി.എം.എ ലഭിച്ചു. ഇതോടെ കാറും പരിശോധിച്ചു. കാറിന്റെ എയര്‍ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലും എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്ന് മൊത്തം 1.79 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എ.എസ്.ഐ പ്രസേനന്‍ സി.പി.ഒമാരായ ഷിജിത്ത്, സിറാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







