കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാലില്‍ പൊതുമരാമത്ത് റോഡരുകിലെ നൂറോളം മരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് പൊതുമരാമത്ത് ഓഫീസിലെ അസി.എഞ്ചിനീയറുടെ പരാതിയിൽ പള്ളാരത്തെ വിനായക ഭട്ടിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.പെരിയാട്ടടുക്കം – ബേക്കൽ റോഡിലെ പനയാൽ, പള്ളാരത്ത് നിരവധി മരങ്ങൾ ജെ സി ബി ഉപയോഗിച്ച് നശിപ്പിച്ച് സർക്കാരിനു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.ബുധനാഴ്ച രാവിലെയോടെയാണ് മരങ്ങൾ നശിപ്പിച്ച കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വമേധയായും നട്ടുവളര്‍ത്തിയ മരങ്ങളാണ് പിഴുതുനശിപ്പിച്ചത്. മഹാഗണി, നാട്ടുമാവുകള്‍, പുന്ന തുടങ്ങിയ മരങ്ങളാണ് നശിപ്പിച്ചത്. റോഡിനു സമാന്തരമായി 50മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയുമുള്ള സ്ഥലത്തെ നൂറോളം മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇവിടെ റോഡരുകിൽ ഉണ്ടായിരുന്ന പുരാവസ്തുവായ ചുമടുതാങ്ങിയും കാണാനില്ല.







