ശരീരത്തില്‍ സ്പര്‍ശിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു; നടന്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു; സാക്ഷികളുടെ മൊഴിയും നിര്‍ണായകം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് നടന്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം പരാതിക്കാരിയുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു. മോശമായ സ്പര്‍ശനമായിട്ടാണ് അനുഭവപ്പെട്ടതെന്നും അതുകൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും പറഞ്ഞ മാധ്യമപ്രവര്‍ത്തക മറ്റൊരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇനി ഇത്തരത്തില്‍ അനുഭവമുണ്ടാകരുതെന്നും പറഞ്ഞിരുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page