കാസര്‍കോട്: മാതാപിതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിനും മക്കള്‍ കോളേജിലും സ്കൂളിലും പോയ സമയത്ത് വീട്ടില്‍ നിന്നു 110 ഗ്രാം സ്വര്‍ണ്ണവും 20,000 രൂപയും കവര്‍ച്ച പോയതായി പരാതി. പൈവളിഗെ, കുരുടപ്പദവിലെ സുബ്രായ സായയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
2026 മാര്‍ച്ച് 9നും 23നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരനും ഭാര്യയും കര്‍ണ്ണാടകയിലെ കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നാഗ പൂജയ്ക്കായി പോയതായിരുന്നു. ഈ സമയത്ത് മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മൂത്ത മകന്‍ കോളേജിലേയ്ക്കും ഇളയ കുട്ടികള്‍ പൈവളിഗെ സ്‌കൂളിലേയ്ക്കും പോയതായിരുന്നു. ഈ സമയത്ത് വീട്ടിനു സമീപത്താണ് താക്കോല്‍ സൂക്ഷിച്ചിരുന്നത്. പ്രസ്തുത സ്ഥലത്തു നിന്നു താക്കോല്‍ കൈക്കലാക്കിയ മോഷ്ടാവ് വീട് തുറന്നു അകത്തു കയറി ഡയമണ്ട് നെക്ലേസ്, വള, കമ്മല്‍, മോതിരം, മാല തുടങ്ങിയ ആഭരണങ്ങളും 20,000രൂപയും കൈക്കലാക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. മോഷണത്തിനു പിന്നില്‍ നാട്ടുകാരനായ കാര്‍ത്തിക് എന്ന ആളെ സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞു.







