പൊലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് ഭീഷണിപ്പെടുത്തി 56 ലക്ഷം തട്ടിയെടുത്തു; പണം നഷ്ടമായത് തിരുവനന്തപുരം സ്വദേശിക്ക്;കേസ്സെടുത്ത് തളിപറമ്പ് പൊലീസ്

കണ്ണൂർ: മുംബൈ പോലീസും, സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് ഭീഷണിപ്പെടുത്തി കണ്ണൂരില്‍ റിസോര്‍ട്ടിലെത്തി  തിരുവനന്തപുരം സ്വദേശിയുടെ 56 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിൾ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിൻ്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിൻ്റെ പേരില്‍ കേസെടുത്തത്. ഇന്ത്യൻ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിൻ്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്‌.ഡി.എഫ്.സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നും  56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാൻസ്ഫര്‍ ചെയ്യിച്ചതായാണ് പരാതി.  പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാണ് ഇത്രയും തുക പ്രതികൾ ട്രാൻസ്ഫര്‍ ചെയ്യിപ്പിച്ചത്.ഗണേഷ് കുമാറിൻ്റെ പേരില്‍ മൊബൈല്‍ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിൻ്റെ അന്വേഷണത്തിലാണെന്നും കേസില്‍ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാൻസ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്.പൊലീസ് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page