Saturday, May 18, 2024
Latest:

ആക്രി സാധനങ്ങള്‍ വാങ്ങാനെത്തി; വീട്ടിലെ ഡ്രില്ലിംഗ് മെഷീന്‍ മോഷ്ടിച്ചു; രണ്ടു പേര്‍ കയ്യോടെ പിടിയില്‍

കാസര്‍കോട്: ആക്രി സാധനങ്ങള്‍ വാങ്ങാനെത്തി വീട്ടില്‍ നിന്ന് ഡ്രില്ലിംഗ് മെഷീന്‍ കവര്‍ന്ന രണ്ടുപേരെ പൊലീസ് കയ്യോടെ പിടികൂടി. ചട്ടഞ്ചാല്‍, ബെണ്ടിച്ചാല്‍ ബാലനടുക്കം സ്വദേശിയും ഇപ്പോള്‍ മധൂര്‍, പട്ള, കുറുപ്പനടുക്കത്തു താമസക്കാരനുമായ മുജിബ് റഹ്‌മാന്‍(26) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാനെ കോടതി റിമാന്റു ചെയ്തു. ഇന്നലെ ബേത്തൂര്‍പ്പാറയിലെ ഇലക്ട്രീഷ്യന്‍ രാകേഷിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്നാണ് ഡ്രില്ലിംഗ് മെഷീന്‍ മോഷ്ടിച്ചത്. പെട്ടി ഓട്ടോയുമായി ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മുജീബ് റഹ്‌മാന്‍. ആക്രി സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ അവിടെ ഉണ്ടായിരുന്ന മെഷീനും കൈക്കലാക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ മുജീബ് റഹ്‌മാനെയും കൂടെ ഉണ്ടായിരുന്ന ആളെയും തടഞ്ഞു വച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പെര്‍ളടുക്കം, കരിപ്പാടകത്തെ ഒരു വീട്ടു കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ പമ്പും മോഷ്ടിച്ചതായി മൊഴി നല്‍കി. ഇതു സംബന്ധിച്ച് പൊലീസ് സ്വമേധയാ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page