കാലടിയിലെ വിദ്യാര്‍ത്ഥികളോട് സര്‍ക്കാരും വിസിയും മാപ്പ് പറയണമെന്ന് മുന്‍ മന്ത്രി വി ശിവന്‍ കുട്ടി

നീലേശ്വരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാനും, റഗുലര്‍ ക്ലാസില്‍ ഇരുത്താനും, അവര്‍ക്കായി പ്രത്യേക പരീക്ഷ നടത്താനുമുള്ള ഹൈക്കോടതി നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മന്ത്രി വി ശിവന്‍ കുട്ടി. നീലേശ്വരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ നടപടികളും കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇത് സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിനും വൈസ് ചാന്‍സലര്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി യാഥാര്‍ത്ഥ്യത്തെ എത്ര മോശമായി വേണമെങ്കിലും വക്രീകരിക്കാമെന്ന സര്‍ക്കാരിന്റെ കാപട്യത്തിന്റെ ഇരകളായിരുന്നു കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെന്ന് ശിവന്‍ കുട്ടി പറഞ്ഞു. വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ കുരുതി കൊടുക്കാനാണ് ശ്രമിച്ചത്. പരീക്ഷയെഴുതാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിട്ടും അതിന് തടസ്സം സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്. അനീതിക്ക് മുന്നില്‍ തലകുനിക്കാതെ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിച്ചിരിക്കുന്നു. അവരുടെ സമരവിജയം കേരളത്തിന്റെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വിജയമാണ്.
അതിനാല്‍ വിദ്യാര്‍ഥികളോട് മാപ്പപേക്ഷ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും വൈസ് ചാന്‍സലറും വിദ്യാര്‍ഥികളോട് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page