കണ്ണൂർ:വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരണപ്പെട്ട കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പള്ളിക്കുന്നിലെ പി.പി. സുമേഷന്റെ (55) മരണവുമായി ബന്ധപ്പെട്ട് മുണ്ടിയത്ത് വളപ്പില്‍ എം. സുകേഷ്(32), പുഴാതി എടച്ചേരിയിലെ തപ്പള്ളി ഹൗസില്‍ ദിജില്‍ (37) എന്നിവരെയാണ് കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ബി.വി. വിജയഭാരത് റെഡിയുടെ നിര്‍ദേശ പ്രകാരം ടൗണ്‍ സി.ഐ: മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കുന്നിലെ ഒരു വീട്ടില്‍ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുമേഷന്‍. ഇതിനിടെ പ്രതികളുമായി വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സുമേഷനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലിയിരിക്കെയാണ് സുമേഷന്‍ മരണമടഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ഒരാളായ വി.പി. ശരത്തിനെ കഴിഞ്ഞ 16ന് ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകേഷും ദിജിലും വയനാട് മക്കിമലയില്‍ ഒളിവില്‍ കഴിയവെ പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.







