തിരുവനന്തപുരം: മദ്യപിക്കാൻ ക്ഷണിച്ചിട്ട് പോകാത്തതിന്റെ പേരില്‍ ഉണ്ടായ തർക്കത്തിൽ യുവാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവീട്ടില്‍ സുഗതരാജിന്റെ മകൻ സ്വരാജിനാണ്(24) മര്‍ദ്ദനമേറ്റത്. ആക്രമണത്തിനെ തുടർന്ന് സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടായിട്ടുണ്ട് .സെപ്തംബർ ഒന്‍പതാം തീയ്യതിയാണ് സംഭവം . സുഹൃത്തായ സ്വരാജിനെ പ്രതികള്‍ മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഫോര്‍ട്ട് അസിസ്റ്റൻറ് കമ്മീഷണര്‍ എസ്. ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാര്‍ എ.എസ്.ഐ മുനീര്‍, സുരേന്ദ്രൻ, സിപി ഒ സെല്‍വൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
