കാസര്‍കോട്: കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാറിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. രണ്ടു അങ്കവാലന്മാരുമായി രണ്ടുപേര്‍ കുമ്പള പൊലീസിന്റെ പിടിയിലായി. കയ്യാര്‍, കൊക്കച്ചാലിലെ ശ്രീദേവികൃപയില്‍ ഹരീഷ (37) കയ്യാര്‍, അശ്വന്തക്കട്ട ഹൗസിലെ സോമയ്യ (48) എന്നിവരെയാണ് കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും പിടികൂടിയത്.
മുണ്ടത്തായി ദേവസ്ഥാനത്തിനു സമീപത്തെ കോഴിക്കെട്ട് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സ്ഥലത്ത് എത്തിയത്. ഇതോടെ സ്ഥലത്തുണ്ടായിരുന്ന അന്‍പതോളം പേര്‍ ചിതറിയോടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.







