കാസര്‍കോട്: സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്‌ത്തി യുവാക്കളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. ചൂരിയിലെ അഹമ്മദ് ജാബിറിന്റെ പരാതിയില്‍ കാറോടിച്ച ആള്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി 11 മണിയോടെ കാസർകോട് ചൂരിയിലായിരുന്നു സംഭവം. അഹമ്മദ് ജാബിറും സുഹൃത്ത് ജാബിറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇന്നോവ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇരുവരും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.നേരത്തെ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച സ്വര്‍ണ്ണം ഉടമസ്ഥനു കൈമാറിയില്ലെന്ന ആരോപണം സ്കൂട്ടർ യാത്രികനായ ഒരു യുവാവിനെതിരെ ഉണ്ടായിരുന്നു. ഇതേ തുടർന്ന് യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാറിടിപ്പിച്ചതെന്നാണ് സംശയം ഉയരുന്നത്. അതേസമയം സ്‌കൂട്ടർ റോഡിനു കുറുകെയിട്ട് തടസ്സപ്പെടുത്തിയപ്പോഴാണ് കാറിടിച്ചതെന്നു സംഭവത്തിനുശേഷം കാറുമായി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് മൊഴിനല്‍കുകയുണ്ടായി.പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
