ലീഗ്-ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പോരാട്ടം രൂക്ഷം; കാസര്‍കോട്ട് ചരിത്രം തിരുത്താന്‍ ഷാനവാസ്

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ജില്ലയിലെ പ്രമുഖ പാര്‍ട്ടികളായ മുസ്ലിം ലീഗിന്റെയും ബിജെപിയുടെയും ജില്ലാ പ്രസിഡണ്ടുമാര്‍ മത്സരിക്കുന്ന കാസര്‍കോട്ട് തിരഞ്ഞെടുപ്പ് പോരാട്ടം കടുത്തു. പ്രചരണത്തിന് ഇരു സ്ഥാനാര്‍ത്ഥികളും അടിവച്ചടി വെച്ച് മുന്നേറുമ്പോള്‍ കാസര്‍കോടിന്റെ ചരിത്രം തിരുത്തിയെഴുതുന്നതിന് ഷാനവാസ് പാദൂര്‍ പ്രചരണ രംഗത്ത് പിടി മുറുക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടേ പ്രധാന സ്ഥാനാര്‍ത്ഥികളായ കല്ലട്രമാഹിനും എംഎല്‍ അശ്വിനിയും ഷാനവാസ് പാദൂരും വിജയമേ പ്രതീക്ഷിക്കുന്നുള്ളു. പരാജയം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് രംഗത്തെ മാത്രമല്ല, രാഷ്ട്രീയ രംഗത്തെയും പരാജയമാണെന്ന് സ്ഥാനാര്‍ത്ഥികള്‍ തിരിച്ചറിയുന്നുണ്ട്.

വ്യക്തിപരമായി മൂന്ന് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി അണികള്‍ക്ക് പ്രിയങ്കരാണ്; നാട്ടുകാരും ഇഷ്ടപ്പെടുന്നു. സൗമ്യമായ പെരുമാറ്റവും ഉദാര നിലപാടുകളും രാഷ്ട്രീയാതീതമായ അംഗീകാരവും മൂന്ന് പേര്‍ക്കും നല്‍കുന്നു. അതേസമയം രാഷ്ട്രീയത്തില്‍ കല്ലട്ര മാഹിന്‍ ഹാജിക്കും എംഎല്‍ അശ്വിനിക്കും വിജയം അനിവാര്യമാണ്. ആരു തോറ്റാലും അത് അവരുടെ രാഷ്ട്രീയ പരാജയമായി മാറിയേക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കും അതുറപ്പാണ്. അതേസമയം ഇടതുപക്ഷ പാര്‍ട്ടികളുടെയൊന്നും അംഗമാകാതെ ഇടത് ചേര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ മനസ്സില്ലാത്ത ആളാണെന്ന് മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളും തിരിച്ചറിയുന്നുണ്ട്. മാത്രമല്ല സിപിഎമ്മിനും അക്കാര്യം ബോധ്യമുണ്ട്. ഐഎന്‍എല്ലും അത് തിരിച്ചറിയുന്നു.

പൊതുസമ്മതിയുടെയും ജനകീയാഭിമുഖ്യത്തിലും സ്ഥാനാര്‍ത്ഥികളാരും പിന്നിലല്ല. പക്ഷേ, കഴിഞ്ഞ 11 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ തുടര്‍ച്ചയായ വിജയം മുസ്ലിം ലീഗിനായിരുന്നു. ലീഗിന്റെ ഈ ആധിപത്യം ഇത്തവണ തകര്‍ക്കേണ്ടത് ഇടതുമുന്നണിയുടെ രാഷ്ട്രീയാവശ്യമാണ്. അത് സംഭവിച്ചില്ലെങ്കില്‍ ഇടതുമുന്നണി കാസര്‍കോട്ട് അപ്രസക്തമാവുമെന്ന് ഉറപ്പാണ്. അതേസമയം 11 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പം നിന്ന കാസര്‍കോടിനെ കൈവിടുന്നതിനെക്കുറിച്ച് മുസ്ലിം ലീഗിനു ചിന്തിക്കാനാവില്ല. ബിജെപിക്കും അശ്വിനിക്കും കാസര്‍കോട് പിടിച്ചെടുക്കണമെന്നത് അതിലും വലിയ ആവശ്യവുമാണ്.

2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ എൻഎ നെല്ലിക്കുന്ന് 63 296 വോട്ട് കാസര്‍കോട് മണ്ഡലത്തിലെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയത്തില്‍ നേടിയിരുന്നു. ബിജെപിയിലെ ശ്രീകാന്തിന് 50395 വോട്ട് ഉണ്ടായിരുന്നു. നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥി എം എ ലത്തീഫിന് 28323 വോട്ട് ലഭിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ എന്‍എ നെല്ലിക്കുന്നിന് 8607 വോട്ടിന്റെയും 2011ല്‍ 9738 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചിരുന്നു.
1957ലെ ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചു. 1965ല്‍ ഒരു സ്വതന്ത്രനാണ് വിജയിച്ചത്. 1967ല്‍ യുപി കുനിക്കുല്ലായ കോണ്‍ഗ്രസ് സ്വതന്ത്രനായി വിജയിച്ചു. 1970ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അഖിലേന്ത്യ ലീഗ് നേതാവായ ബി എം അബ്ദുറഹ്‌മാന്‍ ഇടതു പിന്തുണയോടെ വിജയിച്ചു. പിന്നീട് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിഎ ഇബ്രാഹിമിലൂടെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പിടിയിലൊതുക്കുകയായിരുന്നു. തുടര്‍ന്ന് 80ലും 82ലും 87ലും 91ലും 96ലും 2001ലും 2006ലും തുടര്‍ച്ചയായി സിടി അഹമ്മദലി കാസര്‍കോട് മണ്ഡലത്തിലെ ജനപ്രതിനിധിയായി; മന്ത്രിയുമായി. 2011ലും 16ലും 2021ലും എന്‍എ നെല്ലിക്കുന്നായിരുന്നു കാസര്‍കോടിന്റെ എംഎല്‍എ.
കേരളപ്പിറവിക്കു ശേഷം കാസര്‍കോട് നിയമസഭാ മണ്ഡലം നേരിടുന്ന ഏറ്റവും കടുത്ത മത്സരമാണ് ഇത്തവണത്തേത്. കേവലം മുന്നണികളുടെ മത്സരം മാത്രമല്ല, കാസര്‍കോടു നടക്കുന്നത്. ഇതു സ്ഥാനാര്‍ത്ഥികളുടെ കൂടി മത്സരമാണ് എന്നത് വോട്ടെടുപ്പ് വരെ ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചൂട് രൂക്ഷമാക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page