കാസര്‍കോട്ടെ ദേശീയപാത ഉദ്ഘാടനം കഴിഞ്ഞതല്ലേയുള്ളു; ഫുട്പാത്തില്‍ വാഹനപാര്‍ക്കിംഗ്, സിഗ്നല്‍ പോസ്റ്റ് ലോറി ഇടിച്ചു വളച്ചു; ഇനി എന്തൊക്കെ കാണാനിരിക്കുന്നു

കാസര്‍കോട്: ഉദ്ഘാടനം കഴിഞ്ഞ ദേശീയ പാത ഒന്നാം റീച്ചില്‍ റോഡ് ഗതാഗത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പോസ്റ്റ് ചരക്കു ലോറി ഇടിച്ചു ചെരിച്ചു. പരിഷ്‌കാരത്തകര്‍ക്കലിന്റെ ആദ്യഘട്ടം തുടങ്ങുന്നതേയുള്ളവെന്നും റോഡ് പൂര്‍ണ്ണമായി ഉദ്ഘാടനം ചെയ്യുന്നതോടെ സര്‍വ്വീസ് റോഡ് പഴയനിലയിലാവുമെന്നും ആളുകള്‍ മുന്നറിയിക്കുന്നു.
കോടിക്കണക്കിനു രൂപ ചെലവഴിച്ചുണ്ടാക്കിയ ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് പണി ഒപ്പിച്ചു വക്കലായിരുന്നുവെന്നു പരക്കെ ആക്ഷേപമുണ്ട്. പലേടത്തും കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസ് റോഡുകളില്‍ പലേടത്തും ഫുട്പാത്തുകളില്ലെന്നും ആക്ഷേപമുണ്ട്. ഫുട്പാത്തുള്ള സ്ഥലങ്ങളില്‍ അതിനു നടുക്കു വൈദ്യുതി പോസ്റ്റുകളും ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അതിനു പുറമെ ചരക്ക് ലോറികള്‍ വരെ സര്‍വ്വീസ് റോഡിലും ഫുട്പാത്തിലുമായി ചരക്കുമായി പാര്‍ക്കു ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യാനെത്തിയ ഒരു ചരക്ക് ലോറി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സിഗ്നല്‍ പോസ്റ്റ് ഇടിച്ചു വളച്ചു. അടുത്ത ഇടിയോടെ അവിടെ അങ്ങനെ ഒരു ഗതാഗത സൂചിക ബോര്‍ഡ് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവു പോലും ഉണ്ടാവില്ലെന്നു പൊതുവേ പറയുന്നു.
എന്തിനു വേണ്ടിയാണ് കോടികള്‍ ചെലവഴിച്ച് ഇങ്ങനെയൊരു സംഗതി ഉണ്ടാക്കിയതെന്ന ആശങ്ക ജനങ്ങളിലുയരുന്നുണ്ട്. ട്രാഫിക് നിയന്ത്രിക്കാനും റോഡു നിയമങ്ങള്‍ പാലിക്കാനും റോഡും ഗതാഗതവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സംരക്ഷിക്കാനുമുള്ള അധികാരകേന്ദ്രങ്ങള്‍ ജനങ്ങളുടെ ചെലവില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമലംഘനങ്ങള്‍ കണ്ട് അവര്‍ കുനിഞ്ഞു നിന്നു ചിരിക്കുകയാണെന്നും ജനങ്ങള്‍ പരിതപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page