Monday, June 17, 2024
Latest:

ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റി 35 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; കവർച്ച നടന്നത് വീട്ടുകാര്‍ നബിദിനാഘോഷ പരിപാടിക്കു പോയപ്പോൾ  

കണ്ണൂർ: കണ്ണൂർ പരിയാരത്ത് വീട്ടിൽ വൻ കവർച്ച. വീട്ടുകാര്‍ നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ പോയ സമയത്ത്‌ വീടിന്‍റെ ജനൽ കമ്പികൾ ഗ്യാസ്‌ കട്ടർ ഉപയോഗിച്ച്‌ മുറിച്ചു മാറ്റി 35 പവന്‍ സ്വര്‍ണ്ണവും, പണവും  വിലപ്പെട്ട രേഖകളും കവര്‍ന്നു. പരിയാരം ചിതപ്പിലി പൊയില്‍ പളുങ്കു ബസാറിലെ മാടാളൻ അബ്‌ദുള്ളയുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്.  പ്രവാസിയാണ്‌ അബ്ദുള്ള. ഭാര്യയും മക്കളുമാണ്‌ വീട്ടില്‍ താമസം. ഏതാനും ദിവസം മുമ്പ്‌ അവധിയില്‍ നാട്ടിലെത്തിയ അബ്‌ദുള്ളയും കുടുംബവും രാത്രി എട്ടു മണിയോടെ വീടു പൂട്ടി മദ്രസയില്‍ നടന്ന നബിദിനാഘോഷത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന കാര്യം അറിയുന്നത്‌. വീടിന്റെ പിന്‍ ഭാഗത്തെ ജനല്‍ കമ്പി ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റിയാണ്‌ കവര്‍ച്ചക്കാര്‍ അകത്തു കടന്നത്‌. അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണ്ണവും, പണവും, രേഖകളും. ഇവ കൈക്കലാക്കിയ കവര്‍ച്ചക്കാര്‍ സാധനങ്ങളെല്ലാം വീട്ടിനകത്ത്‌ വാരി വലിച്ചിട്ടാണ്‌ സ്ഥലം വിട്ടത്‌. വിവരമറിഞ്ഞ്‌ പരിയാരം പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page