കണ്ണൂർ: സിപിഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന മുതിർന്ന നേതാവ് പി. ബാലൻ (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോയിലോട് ശ്മശാനത്തിൽ നടക്കും. കഴിഞ്ഞ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലം പ്രതിനിധിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.അവിഭക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളിൽ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ താഴെത്തട്ടിൽ വളർത്തിയെടുക്കുന്നതിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നേതാവാണ് പി. ബാലൻ. വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുൻ വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം സിപിഎം പിണറായി ഏരിയാ സെക്രട്ടറിയായും കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. ചെത്തുതൊഴിലാളി യൂണിയൻ കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹൈസ്കൂളിന്റെ സ്ഥാപക നേതാക്കളിൽ പ്രധാനി കൂടിയാണ് അദ്ദേഹം. പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സിപിഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറി ആയും പിണറായി ഏരിയ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം പതിറ്റാണ്ടുകളോളം കൂത്തുപറമ്പിന്റെ രാഷ്ട്രീയ മുഖമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഭാര്യ: പത്മിനി. മക്കൾ: പി. രമേശൻ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് സെക്രട്ടറി, സിപിഐഎം വേങ്ങാട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പി. ദിനേശൻ (കുവൈത്ത്), പരേതനായ സുരേഷ്. മരുമക്കൾ: ബിന്ദു, രഞ്ജിനി (മട്ടന്നൂർ ട്രഷറി), ലിന്റ.







