വൈറസ് ബാധയെ തുടർന്ന് ബെംഗളൂരു ബയോളജിക്കൽ പാർക്കിൽ 7 പുലിക്കുട്ടികൾ ചത്തു
ബംഗളൂരു: ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വൈറസ് ബാധയേറ്റ് ഏഴ് പുള്ളിപ്പുലിക്കുട്ടികൾ ചത്തു.ഫെലൈൻ പാർവോവൈറസ് മൂലമുണ്ടാകുന്ന ഫെലൈൻ പാൻലൂക്കോപീനിയ (എഫ്പി) എന്ന പൂച്ചകളില്‍ ഉണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മരണ കാരണം. പൂച്ചക്കുട്ടികളെയാണ് ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ആഗസ്ത് 22 നാണ് ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തത്. മൂന്ന് മുതൽ എട്ട് മാസം വരെ പ്രായമുള്ള ഏഴ് പുള്ളിപ്പുലി കുഞ്ഞുങ്ങളാണ് ചത്തത്. ഇവക്കെല്ലാം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നെങ്കിലും ചികിത്സയ്ക്കിടെ ചാവുകയായിരുന്നു.
ഒരിക്കൽ ഫെലൈൻ പാൻലൂക്കോപീനിയ വൈറസ് ബാധിച്ചാൽ മൃഗങ്ങളുടെ കുടലിനെ അത് പൂർണ്ണമായും ബാധിക്കുമെന്നും കഠിനമായ വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം എന്നിവ ഉണ്ടാകുന്നതിനാലാണ് മൃഗങ്ങൾ ചാവുന്നതെന്നാണ് വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. വൈറസ് വേഗത്തിൽ പടരുകയും രോഗബാധിതനായ മൃഗം നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ചാവുകയും ചെയ്യും.മുതിർന്ന മൃഗഡോക്ടർമാരുമായി ചർച്ച ചെയ്ത് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ച ശേഷം മൃഗശാലയുടെ ശുചിത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും റെസ്ക്യൂ സെന്റർ പൂർണ്ണമായും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ വി സൂര്യ സെൻ പറഞ്ഞു.