കുമ്പള:കുമ്പള പഞ്ചായത്തിൽ ടൂറിസം വികസനത്തിന് സാധ്യത തെളിയുന്നു. പഞ്ചായത്തിലെ പ്രസ്തമായ ആരിക്കാടി കോട്ട അടുത്തിടെ രണ്ടു തവണ ജില്ലാ കളക്ടർ സന്ദർശിച്ചു.ഇതു കോട്ടയെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന്റെ മുന്നോടിയാണെന്നു നാട്ടുകാർ പ്രതീക്ഷിക്കുന്നു.ആദ്യം കോട്ട സന്ദർശിച്ച ജില്ലാ കലക്ടർ രണ്ടാം ഘട്ടത്തിൽ ലോക സൈക്കിൾ ദിനത്തിൽ ജില്ലയിലെ കോട്ടകൾ കേന്ദ്രീകരിച്ച് നടത്തിയ സൈക്കിൾ റാലിയുടെ സമാപനം ആരിക്കാടി കോട്ടയിൽ ആക്കുകയായിരുന്നു. ഈ പരിപാടി കോട്ടയെ ജന ശ്രദ്ധ ആകർഷിക്കാൻ സഹായിച്ചു. പരിപാടിയിൽ ജില്ലാ കലക്ടർക്ക് വലിയ സ്വീകരണം പഞ്ചായത്ത് ഭരണസമിതി കോട്ടയിൽ വെച്ച് നൽകിയിരുന്നു.
ടൂറിസം വികസനത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ ഇടപെടൽ ജില്ലയിലെ ടൂറിസം മേഖലയിൽ പുത്തൻ ഉണർവു പകർന്നിട്ടുണ്ട്. കാലങ്ങളായി ടൂറിസം വികസനത്തിൽ അവഗണിച്ചു പോരുന്ന പ്രധാന പ്രദേശങ്ങളൊക്കെ ജില്ലാ കളക്ടർ ഇതിനകം സന്ദർശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ തുടർനടപടികൾക്ക് ഇതിനകം നിർദ്ദേശവും നൽകിയിട്ടുണ്ട്.
കുമ്പള പഞ്ചായത്തിന് തൊട്ടടുത്തായി ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് ചരിത്രമുറങ്ങുന്ന ആരിക്കാടി കോട്ട. ഇവിടെ പതിറ്റാണ്ടുകാലമായി ടൂറിസം പദ്ധതികൾക്കായുള്ള മുറവിളി ഉയരുകയാണ്. പുരാവസ്തു വകുപ്പിന് കീഴിലുള്ളതാണ് ആരിക്കാടി കോട്ട. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധിതവണ പുരാവസ്തു വകുപ്പ് അധികൃതർ ആരിക്കാടി കോട്ട സന്ദർശിച്ചിരുന്നതുമാണ്.അതിനിടെ കോട്ടയുടെ ഒരു ഭാഗം സ്വകാര്യ വ്യക്തി കയ്യേറിയത് ഉൾപ്പെടെ മുൻ വർഷങ്ങളിൽ വാർത്തയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോട്ടയുടെ മുൻവശം ദേശീയപാത അതോറിറ്റിയും ഭാഗികമായി ഏറ്റെടുത്തിരുന്നു. ശേഷിക്കുന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആരിക്കാട്ടി കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. സംരക്ഷണമില്ലാതെ ഇപ്പോൾ ആരിക്കാടി കോട്ട കാടുമുടി കിടക്കുന്നു.
ചെർക്കളം അബ്ദുള്ള മന്ത്രിയായിരിക്കെ ആരിക്കാടി കോട്ടയിൽ”കലാ ഗ്രാമം ടൂറിസം പദ്ധതി” നടപ്പിലാക്കാൻ ശ്രമം നടത്തിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ അലംഭാവവും, ഭരണമാറ്റവും മൂലം അന്ന് ആ പദ്ധതി നടക്കാതെ പോയി. പിന്നീട് കുമ്പള പഞ്ചായത്ത് സംസ്ഥാന ടൂറിസം വകുപ്പിന് വിവിധ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി നൽ കിയിരുന്നുവെങ്കിലും ഒന്നിലും തുടർനടപടികൾ ഉണ്ടായില്ല.
ഇപ്പോൾ ജില്ലാ കളക്ടറുടെ സന്ദർശനം പദ്ധതിക്ക് ജീവൻ വെച്ചതായി നാട്ടുകാർ കരുതുന്നു. രണ്ടുപ്രാവശ്യം വിവിധ പരിപാടികൾക്കായി കളക്ടർ കോട്ട സന്ദർശിച്ചതാണ് നാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത്.






