കുമ്പളയിലെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ ധാതുക്ഷയത്തില്‍

കുമ്പള: 75 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ ആശുപത്രിയായ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററില്‍(ബി എഫ് എച്ച് സി) രോഗികള്‍ക്ക് ദുരിതം. നേരത്തെ ഇത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായിരുന്നു( സി എച്ച് സി). കഴിഞ്ഞവര്‍ഷമാണ് ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ ആരോഗ്യ കേന്ദ്രം രണ്ടു പതിറ്റാണ്ടുകളായി അവഗണന നേരിടുകയാണ്.
പഴക്കം ചെന്ന ഓട് മേഞ്ഞ കെട്ടിടത്തിലാണ് ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു കെട്ടിടം ചോര്‍ച്ചയുടെയും, മേല്‍ക്കൂര ദ്രവിച്ചതുകൊണ്ടും കഴിഞ്ഞവര്‍ഷം അടിച്ചുപൂട്ടി. ഇതോടെ അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്. ഇവിടെ എത്തുന്ന രോഗികള്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ല. മത്സ്യത്തൊഴിലാളികളും, കര്‍ഷകരും ഉള്‍പ്പെടെ സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന കുമ്പളയിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണിത്.

ദിവസേന ഏകദേശം മുന്നൂറില്‍പരം രോഗികള്‍ ഇവിടെയെത്തുന്നുണ്ട്. ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ആശുപത്രിയിലില്ല.
ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടറും, ജീവനക്കാരുമില്ലാത്തത് രോഗികള്‍ക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒ പി വിഭാഗം പലപ്പോഴും നിര്‍ത്തിവയ്‌ക്കേണ്ടിയും വരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗികളടക്കം പലരും ഡോക്ടറില്ലാത്തതിന്റെ പേരില്‍ തിരിച്ചുപോകുന്ന അവസ്ഥയും ആശുപത്രിയിലുണ്ട്. ലാബിലും, ഫാര്‍മസിയിലും സ്റ്റാഫ് ഇല്ലാത്തത് ടെസ്റ്റിനും, മരുന്നു വാങ്ങാനും കാലതാമസമെടുക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ അവധിയില്‍ പോയതോടെ 300 ഓളം രോഗികളെ നോക്കാന്‍ ഒന്നോ, രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളത്. ഇവര്‍ക്ക് മറ്റ് ഓഫീസ് ജോലികളും ചെയ്യേണ്ടിവരുന്നത് മൂലം രോഗികള്‍ ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരുന്നതും നിത്യ സംഭവമാണ്.

വിശാലമായ ആശുപത്രി കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന് നേരത്തെ 2023-24 വര്‍ഷത്തെ ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആശുപത്രി വികസനത്തിന് മുറവിളി കൂട്ടുകയാണ് നാട്ടുകാര്‍.

ആശുപത്രി കെട്ടിടത്തിന്റെ പ്രധാന കെട്ടിടങ്ങളിലൊന്ന് ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം അടച്ചുപൂട്ടി.പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.36 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതിനും തുടര്‍നടപടികളില്ല.
വിഷയം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ശ്രദ്ധയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും,സന്നദ്ധ സംഘടന പ്രവര്‍ത്തകരും പെടുത്തിയിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page