കാസര്‍കോട്: ചെങ്കള മുട്ടത്തൊടിയിലെ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ കെഎം അബൂബക്കറിന്റെ ഭാര്യ ബിഫാത്തമയുടെ (55) മരണവുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് കാമത്ത് ഡയാലിസിസ് സെന്ററിലെ ടെക്‌നീഷ്യന്‍ ജിസ്‌മോനെതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ബിഫാത്തിമ മരണപ്പെട്ടത്. കാമത്ത് ഡയാലിസിസ് സെന്ററിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പിഴവുകാരണമാണ് മാതാവ് മരണപ്പെടാന്‍ ഇടയായതെന്ന മകന്‍ മുഹമ്മദ് ഷെഫീഖ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







