ഇരിയണ്ണിയില്‍ പുലിയിറങ്ങിയതായി സംശയം; റാപ്പിഡ് റസ്‌പോണ്‍സ് ടീം പരിശോധന നടത്തി

കാസര്‍കോട്: ഇരിയണ്ണിയില്‍ പുലിയിറങ്ങിയതായുള്ള നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന് കീഴിലുള്ള കാസര്‍കോട് റാപ്പിഡ് റസ്‌പോണ്‍സ് ടീം സ്ഥലം സന്ദര്‍ശിച്ചു. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂളിന് പിറക് വശത്തെ പേരടുക്കം റോഡിലാണ് പരിശോധന നടത്തിയത്. സ്ഥലത്ത് മുള്ളന്‍ പന്നിയുടെ മുള്ളുകളും രക്തകറയും കണ്ടെത്തി. അതേസമയം പുലിയുടെ കാല്‍പാടോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ചന്ദ്രന്‍ പറഞ്ഞു. മുള്ളന്‍ പന്നിയെ കടിച്ചത് പുലിയെന്ന് ഉറപ്പിക്കാന്‍ ആവില്ലെന്നും കുറുനരിയോ മറ്റോ ആയിരിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. ഞായറാഴ്ച രാത്രി 9 മണിക്കാണ് കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടത്. ബേഡകം കുറത്തിക്കുണ്ട് സ്വദേശി ജയേഷ്, പുല്ലുര്‍ കൊടവലം സ്വദേശി സുജിത്ത് എന്നിവരാണ് കാര്‍ യാത്രക്കിടേ പുലിയെ കണ്ടത്. പേരടുക്കം റോഡിലൂടെ മുള്ളന്‍പന്നിയെ കടിച്ചുതൂക്കിയ പുലി നടന്നുപോവുകയായിരുന്നുവെന്നാണ് ഇവര്‍ നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ രാത്രിതന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു. ആനയുടെ ഭീതി നിലനില്‍ക്കുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. റാപ്പിഡ് റസ്‌പോണ്‍സ് ടീമിലെ വിപിന്‍, രാജന്‍, ലൈജു, ഗോകുല്‍ ദാസ് എന്നിവരും പരിശോധനക്ക് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page