കാസർകോട്: മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകൻ അബൂബക്കർ അസാൻ (13) ആണ് മരിച്ചത്. മംഗൽപ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അബൂബക്കർ അസാൻ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കുളി കഴിഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങുമ്പോഴാണ് അബൂബക്കർ അസാനെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടെത്തി.
തുടർന്ന് നാട്ടുകാരും ഉപ്പളയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും കുളത്തിൽ തിരച്ചിൽ നടത്തി. രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







