കർക്കിടക മാസത്തിലെ ആരോഗ്യം; രുചിഭേദങ്ങളുള്ള കർക്കിടകക്കഞ്ഞിയുമായി കുടുംബശ്രീ

ചെറുവത്തൂർ: കര്‍ക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനായി തയ്യാറാക്കിയ കർക്കിടകക്കഞ്ഞിയുടെ രുചിഭേദങ്ങൾ ആസ്വാദ്യകരമായി. ചെറുവത്തൂർ കുടുംബശ്രീ മോഡൽ സി ഡി എസ് ആണ് കർക്കിടക കഞ്ഞിയും ഇലക്കറികളും ഒരുക്കിയത്. ഞവരയരി, ചെറുപയര്‍, ഉലുവ, ജീരകം, ദശപുഷ്പങ്ങള്‍, ചുക്ക്, കുരുമുളക്, തിപ്പലി മുതലായവയും ആയുര്‍വേദ മരുന്നുകളുടെ കൂട്ടുകളും തേങ്ങാപ്പാല്‍, നെയ്യ് എന്നിവയും ചേർത്താണ് ഔഷധ കഞ്ഞി തയ്യാറാക്കിയത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായകരമാണ് കർക്കിടക മാസത്തിൽ പാചകം ചെയ്തു നൽകുന്ന കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. തഴുതാമ, തകര,മുരിങ്ങയില,പയറില, കോവക്കയില, മത്തില, കുമ്പളത്തില,ചീര, താളില, കാന്താരി, മൾബറി തുടങ്ങി 75 തരം ഇലക്കറികളും 16 തരം ഔഷധ ചമ്മന്തികളും ചക്കക്കുരു വറവ്, ഉപ്പിലിട്ട മാങ്ങ തുടങ്ങി പോഷക മൂല്യമുള്ള വിഭവങ്ങളും കുടുംബശ്രീയുടെ ആരോഗ്യ കർക്കിടകത്തിന് മികവേകി. കർക്കിടകക്കഞ്ഞി എ ഡി എം സി കിഷോർ കുമാറിന് നൽകി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി. മിനി മോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. രാമചന്ദ്രൻ, വി. വി റീന, പി ശശിധരൻ, മെമ്പർ സെക്രട്ടറി ടി. വി ബാബു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുകുമാരൻ, സംസ്ഥാന റീസോഴ്‌സ്‌ പേഴ്സൺമാരായ രതീഷ് കരിന്തളം, അഞ്ജു ആലപ്പുഴ, ഡി പി എം രേഷ്മ, ബ്ലോക്ക് കോ ഓഡിനേറ്റർ ദിവ്യ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് ഭരണസമിതി അംഗങ്ങൾ, എ.ഡി.എസ്, അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page