കാസർകോട്: അംഗഡി മുഗർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് കാറപകടത്തിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് പുത്തിഗെ മണ്ഡലം യു ഡി എഫ് കമ്മിറ്റി കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ഒന്നിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പിൻതുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നും പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് മരിച്ച ഫർഹാസിന്‍റെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അതിനിടെ എസ്.ഐയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. പിൻതുടർന്ന വാഹനത്തിലുണ്ടായിരുന്ന എസ്.ഐയുടെ വീട്ടിൽ സ്കൂട്ടറിലെത്തി ഭീഷണിമുഴക്കിയ രണ്ട് പേരാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ ജനരോഷമാണ് ഉയരുന്നത്.