നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ എറണാകുളം പാലാരിവട്ടത്തായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. യുവാവിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ചെറിയ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അതേസമയം അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page