കരിന്തളം:കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ പ്രചാരണാർത്ഥം ‘പാട്ടകം’ നാടകഗാന സദസ്സും നാടകശിൽപ അനാച്ഛാദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നാടകശിൽപം അനാച്ഛാദനം ചെയ്തു. ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവ് സുനിൽ കണ്ണൻ മുഖ്യാതിഥിയായി.
വായനശാല കലാസംഘം അവതരിപ്പിച്ച നാടകഗാന സദസ്സിൽ പി. രവി, ചന്ദ്രശേഖരൻ മീർകാനം, വിനോദ് കോളംകുളം, ശിവന്യ, ഹിമശ്രീ മോഹനൻ, മനോജ് തലയെടുക്കം, രാജേഷ് പുല്ലുമല, എം.ബി. രാഘവൻ ഗാനങ്ങൾ ആലപിച്ചു. പ്രശസ്ത ശിൽപി ജയചന്ദ്രൻ പയ്യങ്കുളമാണ് നാടകശിൽപം ഒരുക്കിയത്.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷൈജു ബിരിക്കുളം സ്വാഗതം പറഞ്ഞു. കൺവീനർ കെ. വസന്തകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഒ.എം. ബാലകൃഷ്ണൻ, വായനശാല പ്രസിഡന്റ് വി. മധുസൂദനൻ പ്രസംഗിച്ചു.
നവംബർ 21 മുതൽ 25 വരെയാണ് നാടകോത്സവം. വായനശാലയുടെ ഏഴ് പതിറ്റാണ്ട് നീളുന്ന സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ സംസ്ഥാനത്തെ പ്രമുഖ പ്രൊഫഷണൽ നാടകസംഘങ്ങൾ പങ്കെടുക്കും. നാടകോത്സവത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും സംഘാടകസമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.







