ഫിഫ ലോകകപ്പ് 2026: മെക്‌സിക്കോയ്ക്കും ദക്ഷിണ കൊറിയയ്ക്കും വിജയത്തുടക്കം; ആദ്യ മത്സരങ്ങളില്‍ ആവേശം

മെക്‌സിക്കോ സിറ്റി: 2026-ലെ ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കം.
ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ആതിഥേയരായ മെക്‌സിക്കോ വിജയിച്ചു.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ജൂലിയന്‍ ക്വിനോണസ്, റൗള്‍ ജിമെനെസ് എന്നിവരാണ് മെക്‌സിക്കോയ്ക്കായി വലകുലുക്കിയത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ അച്ചടക്കനടപടികള്‍ കൂടുതലായിരുന്നു.
ചെക്കിയക്കെതിരായ പോരാട്ടത്തില്‍ ദക്ഷിണ കൊറിയ മികച്ച തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കി.
ചെക്കിയക്കെതിരെ ദക്ഷിണ കൊറിയ 2-1 എന്ന സ്‌കോറിനാണ് ജയിച്ചു കയറിയത്.
67ാം മിനിറ്റില്‍ ഹ്വാങ് ഇന്‍-ബിയോം നേടിയ ഗോളിലൂടെ ഒപ്പമെത്തിയ കൊറിയ, 80-ാം മിനിറ്റില്‍ ഓ ഹ്യോണ്‍-ഗ്യുവിലൂടെ വിജയഗോള്‍ നേടി. ലാഡിസ്ലാവ് ക്രെജ്‌സിയാണ് ചെക്കിയയുടെ സ്‌കോറര്‍. ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ബൂം ഹ്വാങ് ആണ് കൊറിയയ്ക്കുവേണ്ടി നിര്‍ണായക പ്രകടനം പുറത്തെടുത്തത്. മെക്‌സിക്കോ സിറ്റിയിലും ഗ്വാഡലജാരയിലുമായി നടന്ന മത്സരങ്ങള്‍ ലോകകപ്പിന്റെ ആവേശത്തിന് തുടക്കം കുറിച്ചു. വര്‍ണവിസ്മയങ്ങളോടെയാണ് മെക്‌സിക്കോ സിറ്റിയിലെ അസ്‌ടെക്ക സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ 23-ാം പതിപ്പിന് തുടക്കമായത്. അസ്‌ടെക്ക മൈതാനത്തിന്റെ മധ്യത്തില്‍ സ്ഥാപിച്ച സ്വര്‍ണക്കിരീടത്തിന്റെ വലിയ മാതൃകയുടെ പശ്ചാത്തലത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ലോകത്തിന്റെ വിവിധ കോണില്‍നിന്നുള്ള കലാകാരന്മാര്‍ അണിനിരന്ന കലാവിരുന്ന് അരങ്ങേറി. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ കൊളംബിയന്‍ പോപ് ഗായിക ഷക്കീറയും നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയും ചേര്‍ന്നുപാടി. ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫൈനല്‍ ഉള്‍പ്പെടെ ആകെ 104 മത്സരങ്ങളുണ്ട്.
ജൂലൈ 19ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് ന്യൂയോര്‍ക്ക്/ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page