കാസര്‍കോട്: മഞ്ഞപ്പിത്തം, എച്ച്-1 എന്‍-1 രോഗബാധയെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു.
ബദിയഡുക്ക, നീര്‍ച്ചാല്‍, ഏണിയാര്‍പ്പിലെ ഹേമചന്ദ്ര (36) യാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗബാധിതനായി ഒരു മാസത്തോളമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു ഹേമചന്ദ്ര. ഗോപാലറാവു-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വിനി. ഏകമകള്‍: നിഹാരിക. സഹോദരി: മമത.
കാഞ്ഞങ്ങാട്, അജാനൂര്‍, മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് എച്ച്-1എന്‍ -1 പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യശോദയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എച്ച്1എന്‍1 ലക്ഷണങ്ങള്‍ കാണിച്ചതോടെ വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. യശോദയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
അതേ സമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അമ്പലത്തറ, മീങ്ങോത്ത് സ്വദേശിയായ 18കാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. യുവാവിന്റെ ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായ സമാഹരണം ആരംഭിച്ചിട്ടുണ്ട്. യുവാവിനു രോഗബാധ ഉണ്ടായതെന്നു സംശയിക്കുന്ന അമ്പലത്തറയിലെ കുളത്തിൽ കുളിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.







