കാസർകോട്: എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ മാണിക്കോത്തെ കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്. കടുത്തപനിയും ചുമയും കണ്ടതിനെ തുടർന്ന് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ കാണിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മേഖലയിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.







