ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍

ചെന്നൈ: ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അര്‍ധസെഞ്ച്വറിയോടെയാണ് സഞ്ജുവിന്റെ അപൂര്‍വനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരേ ടീമിനെതിരെ മാത്രം 200-ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. നേരത്തെ വിരാട് കോലിയും കെ.എല്‍ രാഹുലും ഈ നേട്ടം കൈവരിച്ചിരുന്നു.

ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്താകാതെ 115 റണ്‍സ് നേടിയ സഞ്ജു, കഴിഞ്ഞദിവസം രണ്ടാം തവണയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതോടെ ഡല്‍ഹിക്കെതിരെ മാത്രം ഈ സീസണില്‍ സഞ്ജു 202 റണ്‍സെടുത്തു.

2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 209 റണ്‍സ് എടുത്താണ് കോലി നേട്ടത്തിലെത്തിയത്. അതില്‍ രണ്ട് സെഞ്ച്വറികളുമുണ്ട്. (100, 109). 2022ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 206 റണ്‍സ് എടുത്താണ് കെ.എല്‍ രാഹുലിന്റെ നേട്ടം. (103, 103).

സീസണിന്റെ തുടക്കത്തില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് 22 റണ്‍സ് മാത്രം നേടിയ സഞ്ജു പിന്നീട് തന്റെ ഫോം മെച്ചപ്പെടുത്തി. അടുത്ത ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി രണ്ട് സെഞ്ച്വറികളും ഒരു അര്‍ദ്ധ സെഞ്ച്വറിയും സഞ്ജു നേടി. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സടിച്ച സഞ്ജു ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി. ഐപിഎല്‍ കരിയറില്‍ അഞ്ചാം തവണയാണ് സഞ്ജു ഒരു സീസണില്‍ 400 റണ്‍സ് കടക്കുന്നത്. 2024-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി നേടിയ 531 റണ്‍സാണ് സഞ്ജുവിന്റെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനം.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 13 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സഞ്ജുവിന് സെഞ്ച്വറി തികയ്ക്കാമായിരുന്നു. എന്നാല്‍ കളി വേഗത്തില്‍ ജയിപ്പിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് സഞ്ജു പറഞ്ഞു. സെഞ്ച്വറി നേടണമെന്നുണ്ടായിരുന്നുവെങ്കിലും അതിനായി ശ്രമിക്കുന്നത് ടീമിനോടുള്ള സ്വാര്‍ത്ഥതയാകുമെന്ന് തോന്നി. കൂടെ ബാറ്റ് ചെയ്ത കാര്‍ത്തിക് ശര്‍മ്മ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് കളി ജയിപ്പിക്കുന്നതിനായിരുന്നു മുന്‍ഗണനയെന്നും സഞ്ജു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page