തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. 9 ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് തീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനം പാടില്ല. തൊടുപുഴയ്ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. മുട്ടം ചള്ളാവയലിലും അടൂർ മലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. അടൂർ മലയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ സ്ത്രീയെയാണ് കാണാതായത്. ഇവരുടെ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.







