ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു; ചോദ്യം ചെയ്തയാളെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമം, പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ഭാര്യ നിലവിലിരിക്കെ യുവാവ് മറ്റൊരു യുവതിയുമായി സ്ഥലം വിട്ടു. തിരിച്ചെത്തിയപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ ബന്ധുവായ യുവാവിനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി നവാസി(32)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്. മത്സ്യവില്‍പ്പനക്കാരനാണ് നവാസ്.
ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എള്ളരഞ്ഞി, കമുകറകണ്ടി, പുതിയപുരയില്‍ കെ.പി മഹറൂഫി(38)നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മഹ്റൂഫിന്റെ മാതൃസഹോദരിയുടെ മകളാണ് നവാസിന്റെ ഭാര്യ. ഈ ബന്ധം നിലനില്‍ക്കെ നവാസ് മറ്റൊരു യുവതിയെയും കൂട്ടി സ്ഥലം വിടുകയായിരുന്നു. ഇത് സംബന്ധിച്ച പരാതിയിന്മേല്‍ കേസെടുക്കുകയും നവാസിനെയും യുവതിയേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടു. തുടര്‍ന്ന് നവാസ് യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടാക്കി. പിറ്റേന്നാള്‍ നവാസ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയേയും മക്കളെയും കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മഹ്റൂഫും കുടുംബാംഗങ്ങളും ഇതിനു സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതനായ നവാസ് എല്ലാവരെയും വാഹനമിടിച്ചു കൊല്ലുമെന്നു ഭീഷണി മുഴക്കിയാണ് സ്ഥലത്ത് നിന്ന് പോയത്. തൊട്ടുപിന്നാലെയാണ് മഹ്റൂഫിന്റെ ഓട്ടോ ടെമ്പോയില്‍ നവാസ് തന്റെ വണ്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ മഹ്റൂഫ് ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page