പരിശീലനത്തിനായി കേരളത്തിലെത്തി; പഠനത്തോടൊപ്പം കളിയും; മണിപ്പുര്‍ സ്വദേശി സൈകോം തോയിബ സിങ് ഐ.എസ്.എല്‍ ടീമില്‍ ഇടം നേടി

കാസര്‍കോട്: തൃക്കരിപ്പൂരില്‍ പരിശീലനത്തിനായി എത്തിയ മണിപ്പുര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അണ്ടര്‍ 17 ടീമില്‍ ഇടം നേടി. തൃക്കരിപ്പൂരില്‍ ഫുട്ബോള്‍ പരിശീലിച്ച സൈകോം തോയിബ സിങ് ആണ് ജില്ലയ്ക്ക് അഭിമാനമായത്. ഓണ്‍ലി ഫുട്ബോള്‍ ലുനാഥ് അക്കാദമിയുടെ ഫുട്‌ബോള്‍ അക്കാദമി കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തൃക്കരിപ്പൂരില്‍ എത്തിയത്. മൂന്നുവര്‍ഷം മുന്‍പ് കേരളത്തിലെത്തിയ തോയിബ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്ന് പഠനവും തുടങ്ങി. ഒപ്പം ഫുട്ബാള്‍ പരിശീലനവും. ഒ.എഫ്.എ. അക്കാദമിയിലെ പരിശീലകരുടെയും തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപകന്‍ ടി.എം. സിദ്ദിഖിന്റെയും കീഴിലായിരുന്നു പരിശീലനം. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് മൈതാനം എന്നി വിടങ്ങളിലായിരുന്നു പരിശീലനം. മധ്യനിരക്കാരനായ സൈകോം സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീം അംഗമായിരുന്നു. സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും സൈകോം ജില്ലയുടെ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ജില്ലാ ടീമിലെത്തിയശേഷം ഉദിനൂരിലെ കെ.വി. ഗോപാലന്റെ കീഴിലായിരുന്നു രണ്ട് വര്‍ഷവും പരിശീലനം. എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ ശേഷം മണിപ്പുരിലേക്ക് മടങ്ങിയ സൈകോം ഈ മാസം അവസാനത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമില്‍ ചേരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page