നീലേശ്വരം: 2017 -ൽ ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായപിലിക്കോട് മട്ടലായിയിലെ കെ. ജയദേവനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയുടെ ജാമ്യത്തിൽ ഇറങ്ങി നാടുവിട്ടതിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.,എം വി അനിൽ കുമാറിൻ്റെ പ്രത്യേക ഇന്റലിജൻസ് സ്ക്വാഡ് ആണ് പ്രതിയെ ഇന്നലെ ആലുവയിൽ പിടികൂടിയത്. 2017-ൽ സ്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞു വരികയായിരുന്ന ആൺകുട്ടി, പ്രതി ഓടിച്ചു വരികയായിരുന്ന സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും എന്നാൽ മറ്റൊരു വഴിയിലൂടെ പോകാം എന്ന് കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി സ്‌കൂട്ടറുമായി ആളൊഴിഞ്ഞ പറമ്പിലെത്തി കുട്ടിയെ ബലാൽക്കാരമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.ഈ സംഭവത്തിൽ അറസ്റ്റിലായ ജയദേവൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോയമ്പത്തൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിലായി സെക്യൂരിറ്റി ജീവനക്കാരനായും, കൽപ്പണിക്കാരനായും മറ്റും വേഷം മാറി ജോലി ചെയ്തു വരികയായിരുന്നു. പോലീസിന്റെ കണ്ണു വെട്ടിച്ച് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് സാങ്കേതിക മാർഗങ്ങളിലൂടെ കാഞ്ഞങ്ങാട് ഡിവൈ എസ് പി യുടെ ഇന്റലിജൻസ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ശ്രീകാന്ത് പി, അജയൻ വി വി എന്നിവർ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ആലുവയിൽ വെച്ച് പ്രതി പിടിയിലാകുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കുകയും, കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.







