കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; ഹൈറിച്ച് എം ഡി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തു, നിക്ഷേപകരിൽ നിന്ന് 1630 കോടി രൂപ സ്ഥാപനം തട്ടിയെടുത്തതെന്ന് ഇ.ഡി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതെന്നാണ് ഇ.ഡി പറയുന്നത്. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടുമുണ്ട്. ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ ഇ.ഡി അടുത്തിടെ മരവിപ്പിച്ചിരുന്നു. മണിചെയിൻ തട്ടിപ്പ്, കുഴൽപണം തട്ടിപ്പ്, ക്രിപ്റ്റോറൻസി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേർന്നു നടത്തി. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നത്. ജിഎസ്ടി തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്റെയും തുടക്കത്തിലെ വാദം. എന്നാൽ പിന്നീട് പുതിയ കണ്ടെത്തലുകൾ വന്നതോടെ ആ വാദം പൊളിഞ്ഞു
3,000 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ ഡി ക്ക് ലഭിച്ച പരാതി. ഉടമകളുടെ സ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു. കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി പ്രതികൾ 850 കോടി സമാഹരിച്ചുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇടപാട് കാരിൽ നിന്ന് പണം വാങ്ങിയ ഏജന്റ്മാരും ഇനി കുടുങ്ങിയേക്കും. ഇവരുടെ ബാങ്ക് ഇടപാടുകളും നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകളെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page