കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

കുമ്പള: കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് സെന്റിന് 15 ലക്ഷവും അതിലധികവും മോഹവിലയുള്ള രണ്ടു സെന്റിനടുത്ത് (73 ചതുരശ്ര മീറ്റര്‍) സ്ഥലം കയ്യേറി സ്വകാര്യവ്യക്തി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചു.
മാത്രമല്ല, ഗ്രൗണ്ട് ഫ്‌ളോറിനും രണ്ടു നിലക്കും കുമ്പള പഞ്ചായത്തില്‍ നിന്നു അനുമതി നേടിയ കെട്ടിടത്തിനു മുകളില്‍ മൂന്നാമത്തെ നിലയായി ഓഡിറ്റോറിയവും പണിതു.
ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട ഫയല്‍ പഞ്ചായത്തിനോട് വിജിലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ ഏതു ഫയല്‍, എന്തു ഫയല്‍,ഏതു ഓഡിറ്റോറിയം എന്തനുമതി എന്നൊക്കെ പറയുകയായിരുന്നെന്നു പറയുന്നു. ഒടുവില്‍ കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് അതും പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ സ്ഥാപിച്ച മുളിയടുക്കം കോംപ്ലക്‌സിന്റെ മൂന്നാം നിലയായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഫയലെന്നു വിജിലന്‍സ് കൃത്യമായി അന്വേഷിച്ചപ്പോള്‍ അതിന് അനുമതിക്ക് ആരും അപേക്ഷിച്ചിട്ടില്ല. പണിയാന്‍ പഞ്ചായത്ത് ആര്‍ക്കും അനുമതിയും കൊടുത്തിട്ടില്ലെന്നു ജീവനക്കാര്‍ മറുപടി പറഞ്ഞു.
കുമ്പള ടൗണില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ ബഹുനില കെട്ടിടങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും പണിയുന്നുണ്ടെന്നു അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കുമ്പളയിലെ പ്രമുഖ വ്യാപാരി വിക്രം പൈ നല്‍കിയ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അടുത്തിടെ പഞ്ചായത്ത് ഓഫീസില്‍ തെളിവെടുത്തു. തുടര്‍ന്ന് വിവാദമായ മുളിയഡുക്കം ഷോപ്പിംഗ് കോംപ്ലക്‌സും അതിന്റെ സ്ഥലവും പരിശോധിക്കുകയും പഞ്ചായത്ത്-വില്ലേജ് ജീവനക്കാരെക്കൊണ്ട് സ്ഥലവും ഷോപ്പിംഗ് കോംപ്ലക്‌സും അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു.

പഞ്ചായത്ത് ഡയറക്ടറോടും റവന്യു കമ്മീഷണറോടും അടിയന്തിര
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിയമവിരുദ്ധമായി കെട്ടിയ ഹാളിന്റെയും കയ്യേറിയ സ്ഥലത്തിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ അയച്ചുകൊടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് വിക്രം പൈ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് സ്ഥലം കയ്യേറ്റവും കെട്ടിട നിര്‍മ്മാണവും കണ്ടെത്തിയത്.
ഗ്രൗണ്ട് ഫ്‌ളോറിനും രണ്ടുനില ഷോപ്പിംഗ് കോംപ്ലക്‌സിനും അനുമതി നല്‍കിയ കെട്ടിടത്തിനു മുകളില്‍ മറ്റൊരു നില കൂടി പ്രവര്‍ത്തിക്കുന്നതു എങ്ങനെയാണെന്ന അന്വേഷണത്തിനു ദൈവത്താണെ ഞങ്ങള്‍ക്കറിയില്ലെന്നായിരുന്നു പഞ്ചായത്ത് ജീവനക്കാരുടെ ആവര്‍ത്തിച്ചുള്ള മറുപടി. അതിന്റെ ഫയല്‍ ചോദിച്ചപ്പോള്‍ റിക്കാര്‍ഡ് റൂമിന്റെ ചുമതലക്കാരനായ ജീവനക്കാരന്‍ അങ്ങനെ ഒരു ഫയര്‍ റിക്കാര്‍ഡ് റൂമില്‍ ഇല്ലെന്ന് വിജിലന്‍സിനെ അറിയിച്ചു.

എങ്കില്‍ ഗ്രൗണ്ട് ഫ്‌ളോറിന്റെയും രണ്ടുനിലകളുടെയും നിര്‍മ്മാണത്തിന് പഞ്ചായത്ത് നല്‍കിയ അനുമതിയുടെ ഫയല്‍ ആവശ്യപ്പെട്ട വിജിലന്‍സിനോട് അതിന്റെ ഫയലും കാണാനില്ലെന്നു ജീവനക്കാര്‍ നിസ്സഹായത പ്രകടിപ്പിച്ചു. എങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നിര്‍മ്മാണം അംഗീകരിച്ചുകൊണ്ട് കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയതിന്റെ ഫയല്‍ വിജിലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ റെക്കോര്‍ഡ് റൂം മുഴുവന്‍ പരതിയ ജീവനക്കാരന്‍ അങ്ങനെ ഒരു ഫയലും റിക്കാര്‍ഡ് റൂമില്‍ കാണുന്നില്ലെന്നു പറഞ്ഞൊഴിഞ്ഞു.
ഇതിനെത്തുടര്‍ന്ന് മുളിയടുക്കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമകളായ കൊടിയമ്മ മുളിയടുക്കത്തെ ആദം കുഞ്ഞി, ആയിസാമ്മ, ബീഫാത്തിമ എന്നിവര്‍ ഷോപ്പിംഗ് കോംപ്ലക്‌സിനടച്ച നികുതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സ്ഥലവും കെട്ടിടവും നേരിട്ട് പരിശോധിക്കുകയായിരുന്നു.
119/2 എ, 119/1എ1എ2, 119/2ബി1എഫ് സര്‍വ്വേ നമ്പറുകളില്‍ നിര്‍മ്മിച്ച മുളിയടുക്കം കോംപ്ലക്‌സിന്റെ കെട്ടിട നമ്പര്‍ 1471 ആണെന്ന് വിജിലന്‍സ് കണ്ടെത്തി.
ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നും രണ്ടും നിലകളിലും
എ,ബി,സി,ഡി,ഇ,എഫ്, എ-1, ബി-1, സി-1, ഡി-1, ഇ-1, എഫ്-1, എ-2, ബി-2, സി-2, ഡി-2, ഇ-2, എഫ്-2 എന്നീ നമ്പറുകളില്‍ 18 കടമുറികള്‍ ഉള്ളതായും ഉറപ്പാക്കി. ഈ മുറികള്‍ക്കായി ആകെ 676 ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലത്തിന് നികുതി നല്‍കിയതിന്റെ രേഖകളും വിജിലന്‍സ് ശേഖരിച്ചു.
കുമ്പള പഞ്ചായത്ത് ഓവര്‍സിയര്‍ എ പ്രദീപ് ഇരുപത്തിമൂന്നാം വാര്‍ഡിന്റെ ചുമതലയുള്ള പഞ്ചായത്ത് ക്ലാര്‍ക്ക് ആഷിഫ് അലി എന്നിവരും വിജിലന്‍സ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ നിലയ്ക്ക് മുകളില്‍ പഞ്ചായത്തിന്റെ രേഖകളിലും കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളിലും ഒന്നുമില്ലാത്ത ഓഡിറ്റോറിയം കണ്ടെത്തിയത്.
391.43 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഹാളില്‍ വൈദ്യുതിവിളക്കുകള്‍, ഫാനുകള്‍, കസേരകള്‍, മേശകള്‍, ശുചിമുറികള്‍ എന്നിവ കണ്ടെത്തുകയും ചെയ്തു.
പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ നടന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനവും ദൈവത്താണെ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നു ജീവനക്കാര്‍ ആവര്‍ത്തിച്ചു.
തുടര്‍ന്നു ഷോപ്പിംഗ് കോംപ്ലക്‌സ് നില്‍ക്കുന്ന 162/14 സര്‍വ്വെ നമ്പര്‍ സ്ഥലത്തിനോടു ചേര്‍ന്ന് വടക്കുഭാഗത്തെ സര്‍വ്വെ നമ്പര്‍ 162/13, 162/18 എന്നിവയില്‍പ്പെട്ട 73 ചതുരശ്രമീറ്റര്‍ (ഒന്നേമുക്കാല്‍ സെന്റില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്ഥലം) മുളിയടുക്ക കോംപ്ലക്‌സ് കയ്യേറിയിട്ടുണ്ടെന്നു റവന്യു ജീവനക്കാര്‍ അളന്നു കണ്ടെത്തി. കയ്യേറിയ സ്ഥലം കോംപ്ലക്‌സിനോട് ചേര്‍ത്തു മതില്‍ക്കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലത്ത് ടൈല്‍സ് പാകിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ വിലയുള്ള സ്ഥലം പിടിച്ചെടുക്കണമെന്നു വിജിലന്‍സ് റവന്യു കമ്മീഷണറോടു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

അന്ധർധരാ……

RELATED NEWS
Scroll to top

You cannot copy content of this page