കാസർകോട് : ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വീട്ടിൽ തന്നെ ആശുപത്രിക്ക് സമാനമായ ചികിത്സ ലഭ്യമാക്കുന്ന ആശ്വാസ പദ്ധതിയുമായി ആസ്റ്റർ മിംസ്.ആസ്റ്റർ @ ഹോം പദ്ധതിയുടെ ഉദഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നാളെ നിർവഹിക്കുമെന്ന് ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആശുപത്രിയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ സേവനം ലഭ്യമാകുക. കേവലം ഒരു പ്രാഥമിക പരിശോധന എന്നതിനപ്പുറം ആശുപത്രിയിൽ ലഭ്യമാകുന്ന ചികിത്സയോട് സമാനമായ സേവനങ്ങളാണ് പദ്ധതിയിലൂടെ രോഗിക്ക് ലഭിക്കുക. വിദഗ്‌ധ ഡോക്ടർമാർ, റെസിഡന്റ് മെഡിക്കൽ ഓഫീസർമാർ, പരിചയസമ്പന്നരായ നഴ്‌സുമാർ, അറ്റൻഡർമാർ എന്നിവരടങ്ങുന്ന വിദഗ്ധ മെഡിക്കൽ സംഘമാണ് രോഗികളുടെ പക്കലേക്ക് എത്തുന്നത്. ജറിയാട്രിക് മെഡിസിൻ കൺസൾട്ടന്റ് ഡോ. ഷഹനാദ് പി.എം.എ നേതൃത്വം നല്കുന്ന പദ്ധതിയിൽ വിദഗ്ധരടങ്ങുന്ന ആരോഗ്യ സംഘവും നൂതന മെഡിക്കൽ ഉപകരണങ്ങളുമായാണ് ഹോം കെയർ ടീം മുൻകൂട്ടി ബുക്ക് ചെയ്യുന്ന രോഗികളിലേക്ക് എത്തുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഹോം കെയർ ടീം പ്രവർത്തിക്കുന്നത്.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായവർ, പക്ഷാഘാതം, അസ്ഥി സംബന്ധമായ ഒടിവുകൾ മൂലം കിടപ്പിലായവർ തുടങ്ങിയർക്കായി ഫിസിയോതെറാപ്പിയും പ്രത്യേക പരിചരണത്തിനും പദ്ധതി പ്രാധാന്യം നൽകുന്നു. ശാരീരിക ബുദ്ധിമുട്ടുകളോ മറ്റു അസൗകര്യങ്ങൾ മൂലം ആശുപത്രിയിൽ എത്താൻ കഴിയാത്തവർക്ക് മികച്ച ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിരക്ഷയും ഉറപ്പാക്കുന്നു. അതോടൊപ്പം രക്തപരിശോധന ഉൾപ്പെടെയുള്ള എല്ലാവിധ ലാബ് സൗകര്യങ്ങളും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ഫാർമസി സംവിധാനവും പദ്ധതിയുടെ ഭാഗമായി സജ്ജമാണ്.
ഹെല്പ്ലൈൻ നമ്പർ 7034778800






