കാസര്‍കോട്: പേയിളകിയ നായ നാട്ടക്കല്‍ പ്രദേശത്തെ ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.
വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. തൊഴുത്തില്‍ കെട്ടിയ പശുവിനെയും കടിച്ച നായ വഴിയില്‍ കണ്ട മറ്റു നായ്ക്കളെയും കടിച്ചു. ഗത്യന്തരമില്ലാതെ നാട്ടുകാര്‍ സംഘടിച്ച് ഒടുവില്‍ പേപ്പട്ടിയെ തല്ലി കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെയാണ് നായ പരാക്രമം കാണിച്ചത്. ചീര്‍ക്കയത്തെ വീട്ടമ്മ ഷിജിയെ (40) കടിച്ച് പരിക്കേല്‍പ്പിച്ചു. ഇവരുടെ ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ നായ ഓടി. പിന്നീട് നാട്ടക്കല്‍ കുന്നിലെ കുറുവാട്ട് വീട്ടില്‍ ചന്ദ്രന്‍ (50), നാട്ടക്കല്‍ കോളത്തൂര്‍ രാകേഷ് (32) എന്നിവരെയും ആക്രമിച്ചു. നാട്ടക്കല്ലിലെ കാവിപ്പുര അപ്പച്ചന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെയും കടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരെല്ലാം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. കിലോ മീറ്ററുകളോളം ഭീതി വിതച്ച് ഓടിയ നായയെ ഒടുവില്‍ മോതിരക്കുന്നില്‍ വെച്ച് നാട്ടുകാര്‍ തല്ലി കൊന്നു. വെസ്റ്റ് എളേരി പഞ്ചായത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ പഞ്ചായത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
