‘നഗരാസൂത്രണം-‘സൂത്ര’മായാല്‍

ഓര്‍മ്മയുണ്ടാകും ചിലര്‍ക്കെങ്കിലും. പത്തിരുപത് കൊല്ലം മുമ്പത്തെ കാര്യമാണ്. നമ്മുടെ നഗരസഭാ ഭരണ പരിധിക്കകത്ത് കുടിവെള്ള ക്ഷാമം അതിതീവ്രമായിരുന്നു. ചന്ദ്രഗിരിപ്പുഴയില്‍, ബാവിക്കര എന്ന സ്ഥലത്ത് തടയണ കെട്ടി വെള്ളം മോട്ടോറുപയോഗിച്ച് പൈപ്പ് മാര്‍ഗ്ഗേ വിദ്യാനഗറിലെ ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി. മുനിസിപ്പാലിറ്റിയിലേക്കുള്ള പദ്ധതി.
ബാവിക്കരക്കും വിദ്യാനഗറിനും മധ്യേയുള്ള പഞ്ചായത്തുകളിലും ജലദൗര്‍ലഭ്യമുണ്ട്. അവിടെയുമെത്തിക്കണം കുടിവെള്ളം. ആവശ്യമുയര്‍ന്നു. പദ്ധതി ഫലപ്രാപ്തിയിലെത്താന്‍ കാലമേറെയെടുക്കും. അപ്പോഴാണ് ആരോ ഒരു ‘ബദല്‍’ നിര്‍ദ്ദേശിച്ചത്. തളങ്കര ഭാഗത്ത് ഒരു ജലസംഭരണി നിര്‍മ്മിക്കുക. പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് സംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് നഗരത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണുക. ‘വൈദേശിക മാതൃക’യും ചൂണ്ടിക്കാണിച്ചു. എന്നാല്‍, എന്തുകൊണ്ടോ ബദല്‍ പദ്ധതി യാഥാര്‍ത്ഥ്യമായില്ല. അത് വളരെ നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു പദ്ധതി സ്വപ്ന പദ്ധതിയായത് നന്നായി എന്നോ? അതേ. കാരണം പറയാം.
കൊച്ചി കാക്കനാട്ട് നിന്നുള്ള ഒരു വാര്‍ത്ത: കേരളത്തിന് അപമാനകരം എന്ന് പ്രമുഖ പത്രത്തിലെ മുഖപ്രസംഗത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ: ഉപരി-ഉപരി മധ്യവര്‍ഗ്ഗക്കാരുടെ പാര്‍പ്പിട കേന്ദ്രത്തില്‍ താമസിക്കുന്ന മുന്നൂറിലേറെ പേര്‍ ആസ്പത്രിയിലായി. കുടിവെള്ളത്തില്‍ മാലിന്യം. അതില്‍ നിന്നുള്ള അണുബാധയുടെ ആഘാതം കാരണം. ഉയര്‍ന്ന ജീവിത നിലവാരവും ജീവന പരിസരവും ഉള്ളവരെന്ന് കരുതുന്നവര്‍ പോലും മലിനീകരണത്തിന്റെയും വൃത്തിരാഹിത്യത്തിന്റെയും അനന്തരഫലത്തില്‍ നിന്ന് മുക്തരല്ല എന്ന് വ്യക്തമാക്കുന്നു. മണ്ണിനെയും ജലത്തെയും വായുവിനെയും മാലിന്യമുക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.(മാതൃഭൂമി: 19-06-2024)
കൊച്ചി-കാക്കനാട് മേഖലയില്‍ പതിനഞ്ച് ടവറുകളിലായി ആയിരത്തി അറുനൂറിലധികം അപ്പാര്‍ട്ട്മെന്റുകള്‍, ഇതിലെല്ലാം കൂടി അയ്യായിരത്തിലധികം പേര്‍ കഴിയുന്നു. അവര്‍ക്കിടയിലാണ് ഇപ്പോള്‍ രോഗബാധ ഉണ്ടായത്. ജലജന്യ രോഗങ്ങള്‍. കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് പെരുകുന്ന കീടങ്ങള്‍ ജലസംഭരണി, കുഴല്‍കിണര്‍, ടാങ്കര്‍ വഴി ജല അതോറിറ്റിയുടെ ജലവിതരണ സംവിധാനത്തിലെത്തുന്നു. ഇതെല്ലാമാണ് ഈ പ്രദേശത്തെ ജലസ്രോതസ്സുകള്‍. മെയ് മാസാവസാനം തന്നെ രോഗലക്ഷണങ്ങള്‍ കാണുകയുണ്ടായത്രെ-ഛര്‍ദ്ദി, വയറിളക്കം, വിട്ടുമാറാത്ത പനി, ഇ-കോളി ബാക്ടീരിയാബാധ’. അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ പറയുന്നു.
വ്യക്തിശുചിത്വം പാലിക്കുന്നതില്‍ അതീവ ശ്രദ്ധയുള്ളവരാണ് നമ്മള്‍. എന്നാല്‍ അത് മാത്രം പോരാ ആരോഗ്യ പരിപാലനത്തിന്. പരിസരശുചിത്വത്തിന്റെ കാര്യവും ശ്രദ്ധിക്കണം. നമ്മുടെ ചുറ്റുപാടുകള്‍ മാലിന്യ വിമുക്തമായിരിക്കണം എപ്പോഴും. ‘മഴക്കാലപൂര്‍വ്വ’ശുചീകരണം എന്ന ആഘോഷം കൊണ്ടായില്ല. ഇക്കൊല്ലം മഴക്കാലം പോലും വന്നു വന്നില്ല എന്ന മട്ടില്‍ ഒളിച്ചുകളിയാണല്ലോ. കാലാവസ്ഥാ പ്രവചനം പിഴക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന് പണ്ടേ പറയുന്നതെന്തെന്ന് അനുഭവിച്ചറിയുന്നത് ഇപ്പോഴാണ്.
വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള പാഴ്ജലം തുറന്നു വിടുന്നു. ഇതിന്റെ ഫലമായി പരിസരം മലിനമാകുന്നു എന്ന് മാത്രമല്ല, ആ വെള്ളം ഒഴുകി പരിസരത്തെ കിണറുകളിലും പുഴകളിലുമെത്തുന്നു, വന്‍ നഗരങ്ങളില്‍ ബഹുനില ഫ്ളാറ്റുകള്‍ പണിയുന്നത് കായല്‍ക്കരയില്‍. കായല്‍ക്കാറ്റിന്റെ കുളിര്‍മ്മ സുഖകരമായത് കൊണ്ടു മാത്രമല്ല, ശുചിമുറികളില്‍ നിന്നും അടുക്കളയില്‍ നിന്നുമുള്ള പാഴ്്ജലം ഒഴുക്കിവിടാന്‍ വഴിയായല്ലോ എന്ന ചിന്തയും ഇതിന്റെ പിന്നിലുണ്ട്.
നമ്മുടെ പഴയ ബസ്്സ്റ്റാന്റ് പരിസരത്തുള്ള ടൂറിസ്റ്റ് ഹോമുകളിലും ഹോട്ടലുകളില്‍ നിന്നുമുള്ള മലിനജലം ഓടകളിലേക്കാണ് ഒഴുക്കിവിടുന്നത്. ആസ്പത്രികളില്‍ നിന്നുള്ളതും. നഗരസഭാ ഭരണാധികാരികള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. 2010 ഒക്ടോബറില്‍ വിവരാവകാശക്കമ്മീഷന് നല്‍കിയ മറുപടി തന്നെ ഉദാഹരണം. നമ്മുടെ നഗരത്തില്‍ 25 അനധികൃത കെട്ടിടങ്ങളുണ്ട് എന്ന് ടൗണ്‍പ്ലാനറും സമ്മതിക്കുന്നു. പതിനാല് കൊല്ലം മുമ്പത്തെ കാര്യമാണിത്. ഇപ്പോള്‍ അതിന്റെ പതിന്മടങ്ങായിട്ടുണ്ടാകും. മലിനജല നിര്‍ഗ്ഗമനത്തിന് ശാസ്ത്രീയമായ മാര്‍ഗമൊരുക്കുന്നില്ല ഒരിടത്തും-കൊച്ചി കാക്കനാട് അടക്കം.
പഴയ ഒരു പേപ്പര്‍ കട്ടിംഗ്: ചേരി വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നമ്മുടെ നഗരസഭക്ക് അനുവദിച്ച ഒരു കോടി രൂപയില്‍ എഴുപത് ശതമാനം ചെലവഴിച്ചിട്ടില്ല-കാലാവധി കഴിയുമ്പോഴും. അധികൃതര്‍ സമ്മതിച്ച കണക്ക്. പതിനാല് കൊല്ലം മുമ്പ്: (21.9.2020ലെ പത്രവാര്‍ത്ത) എഴുപത് ശതമാനം ലാപ്സായി. ബാക്കി മുപ്പത് ശതമാനം വിനിയോഗിച്ചതാകട്ടെ: എന്തിനെല്ലാം എന്ന് അറിയുക. തളങ്കര പടിഞ്ഞാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഒന്നാംഘട്ട നിര്‍മ്മാണത്തിനും ടവര്‍ ക്ലോക്ക് നവീകരണത്തിനും ചാലക്കുന്നില്‍ മിനി വോളിബോള്‍ സ്റ്റേഡിയവും കബഡി കോര്‍ട്ടും ഒരുക്കാനും ഒടുവില്‍ പറഞ്ഞത് രണ്ടും അന്നത്തെ ചെയര്‍പേഴ്സന്റെ സ്വന്തം വാര്‍ഡിലാണ്. വാര്‍ത്ത: മാതൃഭൂമി 21.09.2010. ചേരി വികസനത്തിന് അത്യാവശ്യമായവ ഇതെല്ലാമാണല്ലോ! ഇതൊക്കെത്തന്നെ എല്ലായിടത്തും നടക്കുന്നത്.
‘നഗരാസൂത്രണം’വെറും ‘സൂത്രപ്പണി’!അപ്പാള്‍ അനന്തരഫലം? ഭവിഷ്യത്ത്? ചിന്തനീയം. ആര് ചിന്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page