മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ് വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ്-വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, വയോജനങ്ങളുമുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂണ്‍ കെട്ടി വിലക്ക് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നടപടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടും. റെയില്‍വേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സിറ്റിങ്ങില്‍ ദേശീയവേദി ഭാരവാഹികള്‍ ആക്റ്റിങ് ചെയര്‍മാന്‍ ജസ്റ്റിസ് കെ ബൈജുനാഥന് മുമ്പാകെ വീണ്ടും പരാതി സമര്‍പ്പിച്ചത്. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ പാലക്കാട് റെയില്‍വേ കാര്യാലയത്തിന് നിര്‍ദ്ദേശം നല്‍കുമെന്ന് ആക്ടിങ് ചെയര്‍മാന്‍ അറിയിച്ചു. അടിയന്തിര പരിഹാരമെന്ന നിലയില്‍ മൊഗ്രാല്‍ മീലാദ് നഗര്‍, നാങ്കി, കടപ്പുറം വലിയ ജുമാ മസ്ജിദിന് മുന്‍വശം എന്നിവിടങ്ങളില്‍ ‘കലുങ്ക്’ രൂപത്തില്‍ നടന്നുപോകാനുള്ള സബ് -വേ അനുവദിച്ചുതരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് മനുഷ്യാവകാശ കമ്മീഷനെ ദേശീയവേദി ഭാരവാഹികള്‍ ധരിപ്പിച്ചിരുന്നു. മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് നിന്ന് 500 മീറ്റര്‍ അകലെയും, മൊഗ്രാല്‍ നാങ്കി, ഗാന്ധിനഗര്‍ കടപ്പുറത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയുമുള്ള കൊപ്പളം അടിപ്പാത പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് റെയില്‍വേ കാര്യാലയം നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ഇത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമാണെന്ന് ദേശീയവേദി ഭാരവാഹികള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page