സര്‍ക്കാര്‍ തീരുമാനം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മൊഗ്രാല്‍ കടപ്പുറം എസ്‌സി കോളനി ‘ഗാന്ധി നഗറായി’

കാസര്‍കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത ‘കോളനികളില്ലാത്ത സംസ്ഥാനം’ എന്ന ആശയം സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കിയത് മൊഗ്രാല്‍ ഗാന്ധിനഗര്‍ പ്രദേശവാസികള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കടപ്പുറം എസ്‌സി കോളനിയെ ‘ഗാന്ധി നഗര്‍ ”എന്ന പേരില്‍ പ്രദേശവാസികള്‍ നാമകരണം ചെയ്തിരുന്നു. സര്‍ക്കാറാകട്ടെ ഇപ്പോഴാണ് തീരുമാനമെടുത്തിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ കോളനി എന്ന് വിളിക്കുന്നത് നിര്‍ത്തലാക്കി കൊണ്ടാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റ് അംഗമായതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇത് കേരളീയ സമൂഹം പരക്കെ സ്വാഗതം ചെയ്യുകയും ചെയ്തു. ദളിത് സമൂഹത്തിന്റെ സാമൂഹിക പദവി ഉയര്‍ത്തുന്നതാണ് മന്ത്രിയുടെ നിര്‍ണായക തീരുമാനമെന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. കോളനി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം നേരത്തെ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതുമാണ്. വൈകിയാണെങ്കിലും സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേശ് ഗാന്ധിനഗര്‍, മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് വിജയകുമാര്‍, ഗാന്ധിനഗര്‍ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം പ്രസിഡണ്ട് ജനാര്‍ദ്ദന എന്നിവര്‍ സ്വാഗതം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page