പുലിപ്പേടിയില്‍ നാട്; കടുമനയില്‍ ആനയിറങ്ങി, എട്ടാംമൈലില്‍ പുലിയും

കാസര്‍കോട്: വളര്‍ത്തു നായയെ പുലി പിടിച്ചുവെന്നും രണ്ടിടങ്ങളില്‍ പുലിയെ കണ്ടുവെന്നുമുള്ള പ്രചരണങ്ങളെ തുടര്‍ന്ന് മുളിയാര്‍ പുലിപ്പേടിയില്‍. പാണൂര്‍, തൈരയില്‍ കഴിഞ്ഞ ദിവസമാണ് പുലിയിറങ്ങിയത്. കാനത്തൂരിലെ ഓട്ടോ ഡ്രൈവര്‍ ജഗേഷ് ആണ് തൈരയില്‍ പുലിയെ കണ്ടത്. രാത്രി ഒന്‍പതു മണിയോടെ ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പുലി റോഡിന് കുറുകെ ഓടിപ്പോയെന്നാണ് ജഗേഷ് വ്യക്തമാക്കിയത്.
വിവരമറിഞ്ഞ് വനം വകുപ്പ് ആര്‍.ആര്‍.ടി ടീം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് ബേപ്പ്, തോണിപ്പള്ളത്തെ ബി. നാരായണന്റെ വീട്ടില്‍ നിന്നു കെട്ടിയിട്ട നായയെ ഏതോ ജീവി കടിച്ചു കൊണ്ടു പോയിരുന്നു. വനം വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.പുലിയാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളൊന്നും പതിഞ്ഞില്ല.
ഇതിനിടയിലാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ ബോവിക്കാനം, എട്ടാംമൈലിലും പുലിയെ കണ്ടതായുള്ള വിവരം പുറത്തുവന്നത്. നുസ്രത്ത് നഗറിലെ ഹാരിഫ് ആണ് പുലിയെ കണ്ടത്. രാത്രിയില്‍ മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ പുലി റോഡിന് കുറുകെ പോകുന്നത് കണ്ടുവെന്നാണ് ഹാരിഫ് വ്യക്തമാക്കുന്നത്. ഇതോടെ മുളിയാറിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടതായി പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭീതി വേണ്ടെന്നും രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കരുതല്‍ വേണമെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page