പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു. ശനിയാഴ്ച രാവിലെ നീര്‍ച്ചാല്‍ പൂവാള ക്രഷറിന് സമീപത്തെ ബി.എം ഷെരീഫിന്റെ വീട്ടുപറമ്പില്‍ നിന്നും മുഹമ്മദ് ഷഫീക്കും ഖലീലും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു കാറില്‍ കടത്തവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി ആടുകളെ മോഷ്ടിക്കുന്ന സംഘമാണെന്ന് വ്യക്തമായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖ് ഒളിവിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ചെര്‍ളടുക്ക, അര്‍ത്തിപ്പള്ളം, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നായി 20 ഓളം ആടുകളെ സംഘം കടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. ഈ സംഘം നീര്‍ച്ചാല്‍ നൂറുല്‍ ഇസ്ലാം മദ്രസക്ക് സമീപത്ത് വെച്ച് മൂന്ന് ആടുകളെയും നീര്‍ച്ചാല്‍ മഖാമിനടുത്തുനിന്നും, ആര്‍ത്തിപ്പളത്തു നിന്നും ഓരോ ആടുകളെയും മോഷ്ടിച്ചതായി കണ്ടെത്തി. പത്തോളം ആടുകളും സംഘത്തില്‍ നിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചു. സംഘം പിടിയിലായതിനെ തുടര്‍ന്ന് 9 പരാതികള്‍ പൊലീസ് സ്റ്റേഷനിലെത്തി. ആടുകള്‍ നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page