കാസര്‍കോട്: ‘വേരുകള്‍ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം ശനിയാഴ്ച കാസര്‍കോട്ട് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് ചന്ദ്രഗിരി ജങ്ഷനിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ശനിയാഴ്ച വൈകിട്ട് നാലിന് തളങ്കരയില്‍ നിന്ന് യുവജന വിദ്യാര്‍ഥി റാലി ആരംഭിക്കും. സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി റാലിക്ക് തുടക്കം കുറിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി പതാക കൈമാറും. സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി പ്രാര്‍ഥന നടത്തും. ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് ബാഖവി ‘ആത്മീയത’ എന്ന വിഷയത്തിലും സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ‘സുന്നത്ത് ജമാഅത്ത് എന്ത്?’ എന്ന വിഷയത്തിലും ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറയും. മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി.എം. അഷ്റഫ് സംഘടനാ വിഷയം അവതരിപ്പിക്കും. താജുദ്ദീന്‍ ദാരിമി പടന്ന സമ്മേളന സന്ദേശം നല്‍കും.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്റഫ്, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, മുന്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, ജനറല്‍സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സി.എം അബ്ദുല്‍ഖാദര്‍ ഹാജി ചെര്‍ക്കള, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മുആദ് ദാരിമി കുമ്പള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.







