കാസർകോട്: ദേശീയപാത കല്ലങ്കൈയിൽ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിട്ട് അപകടം. ഒരു സമയം നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആദ്യം ഡിവൈഡൽ ഇടിച്ചു മറിയുകയായിരുന്നു. പിന്നാലെ വന്ന ലോറി കാറിൽ ഇടിച്ചു. പിറകിൽ ഉണ്ടായിരുന്ന മൂകാംബികയിലേക്കുള്ള കെഎസ്ആർടിസി ബസ്സും ലോറിക്കു പിറകിൽ ഇടിച്ചു. ബസിന്റെ ചില്ലുകൾ തകർന്നു. അതിനിടെ അപകട സ്ഥലത്ത് എത്തിയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തെ തുടർന്ന് കാസർകോട് അഗ്നി രക്ഷാ നിലയിൽ നിന്ന് ആക്സിഡന്റ് റെസ്ക്യൂ ടെണ്ടർ വാഹനം സ്ഥലത്തെത്തി.
ഒരു യൂണിറ്റ് വാഹനം കൂടി എത്തി വെള്ളം ചീറ്റിച്ച് പൊട്ടിയ ചില്ലുകൾ റോഡ് സൈഡിലേക്ക് നീക്കം ചെയ്തു. ഇടിച്ച ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ബസ്സിന്റെ മുൻവശ വാതിലിലൂടെ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അഗ്നിരക്ഷാ സേനയുടെ ഏണി വെച്ചു എമർജൻസി ഡോറിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നി രക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂർ ഓഫീസർ സുകു വർഗീസ്, ഉദ്യോഗസ്ഥരായ എംഎ വൈശാഖ്, പി സി സിറാജ്ജുദ്ധീൻ , രമേശ്, പ്രണവ്, ഹരികുമാർ, ഒ കെ പ്രജിത്, ജെ അനന്ദു, ഹോം ഗാർഡുമാരായ രാജേന്ദ്രൻ, സുഭാഷ് എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.







