കാസർകോട് : മാപ്പിളപ്പാട്ട് സാഹിത്യ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിച്ചിരുന്ന മൊഗ്രാൽ ഗ്രാമത്തിലെ പ്രമുഖ കവി സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു. പ്രശസ്ത എഴുത്തുകാരൻ അബ്ദു കാവുഗോളി രചിച്ച സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്രം ഞായറാഴ്ച മൂന്നുമണിക്ക് കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്യും. സൗത്ത് കാനറ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി വി അബ്ദുൽ ഹമീദ് പ്രകാശന കർമ്മം നിർവഹിക്കും. മാപ്പിളപ്പാട്ട് ശാഖയ്ക്ക് ശക്തമായ അടിത്തറയിട്ട സാഉക്കാറിന്റെജീവ ചരിത്രം ഏറെ ശ്രദ്ധേയമാണ്. 1850 ജനിച്ച അദ്ദേഹം 1932ലാണ് അന്തരിച്ചത്.14-15 വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം കാവ്യ രചനയിലേക്ക് കടന്നുവന്നു.മികച്ച വ്യാപാരിയും, നാട്ടുവൈദ്യനും ആയിരുന്നു. കേരളക്കരയിലെ മാപ്പിളപ്പാട്ട് സംസ്കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത് സാഉക്കാര്‍ കുഞ്ഞിപ്പക്കി യിലൂടെയാണ്.മാപ്പിള സാഹിത്യത്തിലും, പ്രാദേശിക ചരിത്രത്തിലും അദ്ദേഹം ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നുമുണ്ട്. പ്രകൃതിയിൽ കാണുന്ന എന്തും കവിതയ്ക്ക് പ്രയോഗിക്കുന്നതായിരുന്നു സാഉക്കാർ കുഞ്ഞിപ്പക്കിയുടെ ശൈലി.മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ നിരവധി കവികൾക്ക് വഴികാട്ടിയായതും അദ്ദേഹത്തിന്റെ കാവ്യ പാരമ്പര്യമായിരുന്നു. ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദത്തിന്റെ പാലമായി വർത്തിച്ച ഒരു മികച്ച സാമൂഹിക നേതാവായിരുന്നു സാഉക്കാർ.ജില്ലയിലെ 4 പ്രമുഖ ക്ഷേത്രങ്ങളായ മധൂർ സിദ്‌ധി വിനായക,കുമ്പള ശ്രീ ഗോപാലകൃഷ്ണ, അടൂർ മഹാലിംഗേശ്വര ,മുജുംഗാവ് പാർഥിസാരഥി ക്ഷേത്രങ്ങളുടെ സ്ഥാനികൻ കൂടിയായിരുന്നു സാഉക്കാർ.മായിപ്പാടി രാജാവിന്റെ നിയമകാര്യ ഉപദേഷ്ടാവും, പ്രധാന പട നായകരിൽ ഒരാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സാഉക്കാര്‍ കുഞ്ഞിപ്പക്കി മാനവ സൗഹാർദ അവാർഡ് വർഷംതോറും നൽകിവരുന്നു. എഴുത്തുകാരൻ ഗോവിന്ദൻ പുസ്തകം പരിചയപ്പെടുത്തും. ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ സ്വാഗതം പറയും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.







