‘കായിക പ്രേമികള്‍ക്കു പച്ചക്കോട്ടയിലേക്കു സ്വാഗതം’; പൊലീസ് ഇടപെട്ടു; ബോഡ് വച്ചവര്‍ തന്നെ അതെടുത്തുമാറ്റി

കുമ്പള: കുമ്പള ഉപജില്ലാ കായികമേളയിലേയ്ക്ക് എത്തുന്ന കായിക പ്രതിഭകള്‍ക്കു പച്ചക്കോട്ടയിലേക്കു സ്വാഗതം ആശംസിച്ചു കൊണ്ടു യൂത്ത് ലീഗ് സ്‌കൂള്‍ കോമ്പൗണ്ടിനകത്തു സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോഡ് പൊലീസ് അവരെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.
സ്‌കൂളും പരിസരവും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും മറ്റും അതീതമായിരിക്കണമെന്നു കുമ്പളയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും ബി ജെ പി മണ്ഡലം പ്രസിഡന്റുമായ വിക്രം പൈ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചെങ്കിലും സ്‌കൂളിന്റെ മതിലിനുള്ളില്‍ വച്ച ബോഡ് കണ്ടില്ലെന്ന മറുപടിയാണ് സംഭവം വിവാദമാക്കിയത്. സ്‌കൂളിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ ഹെഡ്മാസ്റ്റര്‍ തയ്യാറായില്ലെങ്കില്‍ സ്‌കൂള്‍ കോമ്പൗണ്ട് മുഴുവന്‍ ബോഡുകള്‍ കൊണ്ടു നിറയുമെന്ന വിക്രംപൈയുടെ മുന്നറിയിപ്പിനെ തുടര്‍ന്നു ഹെഡ്മാസ്റ്റര്‍ വീഴ്ച സമ്മതിക്കുകയായിരുന്നെന്നു പറയുന്നു.

ഗവ. സ്‌കൂള്‍ കോമ്പൗണ്ടിനകത്തു സ്ഥാപിച്ച ബോഡ് ഇളക്കി മാറ്റണമെന്ന് പൊലീസ് മേധാവികളോടും വിക്രംപൈ ആവശ്യപ്പെട്ടു. നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമ സംഘനത്തിനു കാവല്‍ നില്‍ക്കുന്നതു സമാധാനാന്തരീക്ഷത്തിനു ഭീഷണിയായിക്കൂടെന്നില്ലെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ബോഡ് വച്ചവരെക്കൊണ്ടുതന്നെ അതു എടുത്തുമാറ്റിക്കാന്‍ കുമ്പള പൊലീസ് യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹികളോടു നിര്‍ദ്ദേശിക്കുകയും അവര്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ വിവാദ ബോഡ് നീക്കം ചെയ്യുകയുമായിരുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുളയില്‍ത്തന്നെ നുള്ളിയില്ലെങ്കില്‍ അതു അനിയന്ത്രിതമായ ക്രമസമാധാന പ്രശ്‌നമാവുമെന്ന നിഗമനത്തിലാണ് പൊലീസ് ബോഡ് എടുപ്പിച്ചതെന്നു പറയുന്നു.
വൈകിയാണെങ്കിലും നീതി ഉറപ്പാക്കാന്‍ മുന്‍കൈയെടുത്ത പൊലീസിനെ വിക്രംപൈയും ബി ജെ പി കുമ്പള നോര്‍ത്ത് മേഖലാ പ്രസിഡന്റ് ശിവപ്രസാദും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page