ഖണ്ഡം നാല്
മന്ത്രം: യദഗ്നേ രോഹിതം രൂപം തേജസസ്തദ്രുപം
കച്ഛുക്ലം തദപാം, യദ്കൃഷ്ണം തദന്നസ്യ,
അപാഗാദഗ്നേരഗ്നിത്വം, വാചാരംഭണം
വികാരോനാമധേയം, ത്രണീരൂപാണീത്യേവസത്യം.
സാരം: അഗ്‌നിയില്‍ കാണുന്ന ചുവന്ന രൂപം സൂക്ഷ്മമായ തേജസിന്റേതാണ്. അതില്‍ കാണുന്ന വെളുത്ത രൂപം അതില്‍ അടങ്ങിയ അപ്പിന്റെ (ജലത്തിന്റെ)താണ്. അതുപോലെ അതില്‍ കാണപ്പെടുന്ന കറുത്ത രൂപം അന്ന (ഭൂമി)ത്തിന്റേതാണ്. അങ്ങനെ നാം കാണുന്ന അഗ്‌നിയുടെ അഗ്നിത്വം പോയി. വികാരം അഥവാ മാറ്റം എന്നുള്ളത് വാക്കിനെ ആശ്രയിച്ചുള്ള നാമധേയം മാത്രമാണ്. മൂന്ന് രൂപങ്ങള്‍ എന്നതാണ് സത്യം.
ഈ ഒരു ഉദാഹരണത്തിലൂടെ പ്രപഞ്ചത്തിന്റെ സ്വഭാവം അഥവാ സ്വരൂപം എന്താണെന്ന് ഉപനിഷത്ത് വ്യക്തമാക്കുന്നു. ഈ പ്രപഞ്ചത്തില്‍ ഓരോ വസ്തുവിനെയും നാം പേരെടുത്ത് വിളിക്കുമ്പോള്‍ അത് ശുദ്ധമായ ആ വസ്തു മാത്രമല്ല ഓരോ പ്രപഞ്ച വസ്തുവിലും പഞ്ചഭൂതങ്ങളുടെ എല്ലാ ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഉദാഹരണം, മനുഷ്യന്‍. മനുഷ്യനില്‍ പഞ്ചഭൂതങ്ങളുടെ എല്ലാ ഘടകങ്ങളും നിശ്ചിത അളവില്‍ അടങ്ങിയിട്ടുണ്ട്. നമ്മള്‍ അഗ്‌നി എന്ന് വിവക്ഷിക്കുമ്പോള്‍ അതില്‍ ശുദ്ധമായ അഗ്‌നിത്വം മാത്രമല്ല, അഗ്‌നിയില്‍ കാണുന്ന ചുവപ്പുനിറം അതില്‍ അടങ്ങിയ തേജസ്സാണ്. വെളുത്ത നിറത്തില്‍ കാണുമ്പോള്‍ അതിലടങ്ങിയ ജലാംശമാണെന്ന് അറിയണം. അതുപോലെ കറുത്ത നിറം അഗ്‌നിയില്‍ കാണുന്നുവെങ്കില്‍ അത് അന്നം അഥവാ പൃഥ്‌വിയില്‍ കാണുന്നുവെങ്കില്‍ അത് അന്നം അഥവാ പൃഥ്‌വി ആണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ കാണുന്ന ഓരോ വസ്തുവും അതുമാത്രമാണെന്ന് വിചാരിക്കരുത്. പഞ്ചീകരണം അല്ലെങ്കില്‍ ഒരു ത്രിവൃത്കരണം മൂലം എല്ലാം പരസ്പരം കലര്‍പ്പോടുകൂടിയവയാണെന്നും ഉദ്ദാലകഋഷി ശ്വേത കേതുവിനെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ ഇതേ ഉദാഹരണം തന്നെ ഋഷി സൂര്യനിലും ചന്ദ്രനിലും ഇടിമിന്നലിലും കാണിച്ചുകൊടുക്കുന്നു. സൂര്യനില്‍ കാണുന്ന ചുവന്ന രൂപം തേജസിന്റെയും, വെളുത്ത രൂപം ജലാംശത്തിന്റെയും, കറുത്ത രൂപം ഭൂമിയുടെതുമാണ്. അതേ പ്രതിഭാസം തന്നെയാണ് ചന്ദ്രനിലും മിന്നലിലും കാണപ്പെടുന്നത്. ആദിത്യനിലെ ആദിത്യത്വവും ചന്ദ്രനിലെ ചന്ദ്രത്വവും വിദ്യുത്തിലെ വിദ്യുത്വവും ഇതേപോലെ തന്നെയാണ്. വികാരം അഥവാ മാറ്റം വാക്കിനെ ആശ്രയിച്ചുള്ള നാമങ്ങള്‍ മാത്രമാണ്. ഇവയിലെല്ലാമുള്ള മൂന്നു രൂപങ്ങള്‍ മാത്രമാണ് സത്യം
(തുടരും)
