മകളുടെ സഹപാഠികളെ ഉപയോഗിച്ച് പെണ്‍വാണിഭം; ഇടപാടുകാരായി എത്തിവരില്‍ ഏറെയും വൃദ്ധരും കൗമാരക്കാരും; 37 കാരിയും സംഘവും പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സ്ത്രീയും സംഘവും പിടിയിലായി. ചെന്നൈയില്‍ താമസിക്കുന്ന 37-കാരി, സഹായികളായ രാമചന്ദ്ര(42), സുമതി(43), മായ ഒലി(29), ജയശ്രീ(43), രാമാന്ദ്രന്‍(70) കോയമ്പത്തൂര്‍ സ്വദേശി അശോക് കുമാറി(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസിച്ച ലോഡ്ജില്‍ വച്ചാണ് ഇവരെ പൊലീസ് സമര്‍ഥമായി പിടികൂടിയത്. ഏഴ് മൊബൈല്‍ഫോണുകളും ഒരു കാറും കസ്റ്റഡിയിലെടുത്തു. ഇടപാടിനായി എത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ചു. അറസ്റ്റിലായ 37-കാരിയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. മകളുടെ സഹപാഠികളായ, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് യുവതി ചൂഷണം ചെയ്തിരുന്നത്. നൃത്ത പരിശീലനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ പ്രതി വിളിച്ചുവരുത്തി. ഇതിനൊപ്പം ബ്യൂട്ടീഷ്യന്‍ കോഴ്‌സുകളും ഇവരെ പഠിപ്പിച്ചു. കുട്ടികള്‍ക്ക് 25,000 മുതല്‍ 35,000 രൂപ വരെ നല്‍കുകയും പിന്നീട് പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ നഗ്നചിത്രം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്താണ് പെണ്‍വാണിഭത്തില്‍ തളളിവിട്ടത്. ഇടപാടുകാരായി എത്തുന്നവരില്‍ ഏറെയും വയോധികരും കൗമാരക്കാരുമായിരുന്നു. ചെന്നൈയ്ക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് യുവതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചത്. എ.സി.പി. രാജലക്ഷ്മി, ഇന്‍സ്‌പെക്ടര്‍ സെല്‍വറാണി എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വയോധികരടക്കം ഇവരുടെ ഇടപാടുകാരായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ചൂഷണംചെയ്യാനായി ഇവര്‍ വന്‍തുക ചെലവാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page